Breaking News

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ശിവശങ്കറിനെപ്പറ്റിയും പരാമര്‍ശങ്ങളില്ലെന്ന് റിപ്പോര്‍ട്ട്.

അതേസമയം കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ഗൂഢാലോചന നടത്തിയെന്നും അതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് സ്വപ്‌നയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയതായി എന്‍.ഐ.എ വ്യക്തമാക്കി.

‘വലിയ അളവില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും യു.എ.ഇ.യുമായുള്ള സൗഹൃദ ബന്ധത്തെ തകര്‍ക്കുമെന്നും പ്രതികള്‍ക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും പ്രതികള്‍ സംയുക്തമായി തന്നെ കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നിലവില്‍ 21 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നതെന്ന് എന്‍.എ.എ വ്യക്തമാക്കി. പ്രതികളുടെ പേരുവിവരങ്ങളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാരോപിക്കുന്ന യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കര്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഡോളര്‍ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ പുറത്തിറങ്ങിയത്. കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലായിരുന്നു. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യു.എ.ഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍. 15 കോടി രൂപയുടെ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *