‘രാവണന്റെ നാടിനെ’ നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം
വന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. കൊളംബോയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 21 പേരടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്.
മന്ത്രിസഭയില്‍ 12 പുതുമുഖങ്ങളുണ്ട്.
പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ പ്രസിഡന്റ് കൈവശം വയ്ക്കും. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എന്‍പിപി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. സാമൂഹ്യ ശാസ്ത്രജ്ഞയും അക്കാദമിക് ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഹരിണി നിരേക അമരസൂര്യ ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ലങ്കയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയാണ്. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന സരോജ സാവിത്രി പോള്‍രാജാണ് മന്ത്രിസഭയിലെ മറ്റൊരു സ്ത്രീ പ്രാതിനിധ്യം.
പുതുമുഖങ്ങളില്‍ അഞ്ചുപേര്‍ പ്രൊഫസര്‍മാരാണ്. ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റ, രാമലിംഗം ചന്ദ്രശേഖരന്‍ തമിഴിലാണ് സത്യപ്രതിജ്ഞചെയ്തത്. സര്‍ക്കാരില്‍ ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള ഏക പ്രതിനിധിയാണ് രാമലിംഗം.ചെലവുചുരുക്കലിന്റെ ഭാഗമായി ചെറിയ സര്‍ക്കാരെന്നതാണ് ദിസനായകയുടെ മുഖമുദ്ര. ശ്രീലങ്കന്‍ ഭരണഘടനപ്രകാരം കേന്ദ്രമന്ത്രിസഭയില്‍ 30 അംഗങ്ങള്‍ വരെയാകാം.
സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ദിസനായക പ്രസിഡന്റായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടക്കുംവരെയുള്ള കാലത്തേക്ക് രൂപവത്കരിച്ച മൂന്നംഗ സര്‍ക്കാരില്‍ ഹരിണിയായിരുന്നു പ്രധാനമന്ത്രി. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും ഹരിണിക്കുണ്ട്.