
ഇസ്രയേലിന് ഇന്ത്യാക്കാരെ വേണം; വ്യവസായ മന്ത്രി നേരിട്ടെത്തും; തുറന്നിടുന്നത് പതിനായിരക്കണക്കിന് തൊഴിലവസരം; പറക്കാന്‍ തയാറായി എയര്‍ ഇന്ത്യ വിമാനങ്ങള്‍
ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഇസ്രയേല്‍ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഉടന്‍ ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ബര്‍കത്ത് കൂടിക്കാഴ്ച നടത്തും.
ഹെല്‍ത്ത് കെയര്‍, ഊര്‍ജം, സൈബര്‍ സുരക്ഷ, പ്രതിരോധം, എച്ച്എല്‍എസ്, അഗ്രിടെക്, സ്മാര്‍ട്ട് മൊബിലിറ്റി, വാട്ടര്‍ടെക്, ഫുഡ്‌ടെക് തുടങ്ങി നൂറിലധികം നൂതന ഇസ്രയേലി കമ്പനികള്‍ ബിസിനസ് സംഘത്തിലുണ്ടാകുമെന്ന് ജെറുസലേം ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇസ്രയേലില്‍ നിന്നുള്ള എക്കാലത്തെയും വലിയ മള്‍ട്ടി-സെക്ടറല്‍ സിഇഒ ലെവല്‍ ഡെലിഗേഷനാണ് അടുത്ത ആഴ്ച്ച ഇന്ത്യയിലേക്ക് എത്തുന്നത്.
ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ എനര്‍ജി വീക്കില്‍ ഇസ്രയേല്‍ പ്രതിനിധികളും പങ്കെടുക്കും. ഇസ്രയേലിന്റെ വടക്കും തെക്കും വെടിനിര്‍ത്തല്‍ കരാറുകള്‍ ഇതുവരെ നിലനില്‍ക്കുന്നതിനാല്‍, മാര്‍ച്ച് രണ്ടു മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ക്ക്, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന നിര്‍മ്മാണ തൊഴിലുകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ എത്തിയിരുന്നു. ഹമാസിന്റെ ആക്രമണത്തിന് മുമ്പ് ഇസ്രയേലിലെ നിര്‍മ്മാണ തൊഴിലാളികളില്‍ ഭൂരിഭാഗവും പലസ്തീന്‍കാരായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴിന്റെ ആക്രമണം എല്ലാം മാറ്റിമറിച്ചു. ഇതിന് പിന്നാലെയാണ് പലസ്തീന്‍കാര്‍ക്ക് ഇസ്രയേലില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഇന്ത്യന്‍, ചൈനീസ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികളെ ഇനിയും ഇസ്രയേലിന് വേണമെന്ന് മന്ത്രി നിര്‍ ബര്‍കത്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു വര്‍ഷത്തിനിടെ ഈ തൊഴില്‍സേനയില്‍ വലിയ വര്‍ദ്ധനവാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യക്കാരുടെ ഇസ്രയേലിലെ ആദ്യകാല തൊഴിലുകളെല്ലാം പ്രായമായവരുടെ പരിചരണവും വജ്രവ്യാപാരവും ഐടി പ്രൊഫഷണകളുമായിട്ടായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഇസ്രയേലിലേക്ക് എത്തിയത്. ഹമാസിന്റെ ആക്രമണത്തിന് മുമ്പ് 80,000 പലസ്തീനികളും 26,000 വിദേശികളുമാണ് ഇസ്രയേലിന്റെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇസ്രായേലിലെ ഇയാല്‍ അര്‍ഗേവ് പറയുന്നു. ഇന്ത്യയില്‍ നിന്ന് 16,000 നിര്‍മ്മാണ തൊഴിലാളികളാണ് ഇസ്രയേലില്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ നിര്‍മ്മാണ തൊഴിലാളികളെ ആവശ്യമായതിനാല്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഇസ്രയേലില്‍ എത്താനുള്ള അവസരം കൂടിയാണ് തുറന്നിടുന്നത്.