അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്റെ നോട്ടീസ്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി.
അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാർത്താ എജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. നടപടിയോട് അദാനിഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അതേസമയം നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലുടനീളം വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.
സൗരോർജ്ജ വിതരണകരാറുകൾ നേടാൻ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളർ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് അദാനിക്കെതിരെ കേസ്. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
20 വർഷത്തിനുള്ളിൽ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നൽകാൻ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നത്.
ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. യുഎസിൽ ക്രിമിനൽ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരിൽ ഒരാളായി മാറുകയാണ് അദാനി.