December 2, 2024

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ ‘താമര വിമതന്മാര്‍’; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

Share Now

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിമത ശല്യം ബിജെപിയേയും അലട്ടുന്നുണ്ട്. സാധാരണ മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ടുപിടിച്ചു ബിജെപിയിലെത്തിച്ച് വോട്ട് മറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് കൊഴിഞ്ഞുപോക്കുകളോ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പോ പുറത്തുവരാത്തത്ര ഉരുക്കുമുഷ്ടിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറാത്തയില്‍ ഇക്കുറി ധാരാളം വിമതന്മാരാണ് ബിജെപിയില്‍ തലപൊക്കുകയും ഭരണപക്ഷ പാര്‍ട്ടികളിലെത്തി മല്‍സരിക്കാന്‍ അവസരം തേടുകയും ചെയ്തത്. ഇതില്‍ 16 വിമത ബിജെപി നേതാക്കള്‍ ബിജെപി നയിക്കുന്ന മഹായുതി മുന്നണിയിലെ മറ്റ് സഖ്യകക്ഷികളായ ഷിന്‍ഡേയുടെ ശിവസേനയിലും അജിത് പവാറിന്റെ എന്‍സിപിയിലും മല്‍സരിക്കാന്‍ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 146 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇഷ്ടപ്പെട്ട സീറ്റുകളില്‍ ബിജെപി മല്‍സരിക്കാന്‍ അവസരം നല്‍കാതിരുന്നതിനാല്‍ ഇപ്പുറത്തേക്ക് ചാടി 16 പേരാണ് സീറ്റ് ഉറപ്പിച്ചത്. കാവിപ്പാര്‍ട്ടിയുടെ സഖ്യകക്ഷികളിലേക്കാണ് ഇവരുടെ ചാട്ടമെന്നതാണ് രസകരം. കോണ്‍ഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡിയിലെ താക്കറേയുടെ ശിവസേനയിലും ശരദ് പവാറിന്റെ എന്‍സിപിയിലും അവസരം കിട്ടില്ലെന്ന് ഉറപ്പിച്ചാണ് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന അജിത് പവാറിന്റേയും ഷിന്‍ഡേയുടേയും പാര്‍ട്ടിയില്‍ കയറി കൂടി മഹായുതി സഖ്യത്തില്‍ തന്നെ ഇവര്‍ മല്‍സരിക്കുന്നത്.

ബിജെപിയില്‍ നിന്ന് രാജിവെച്ച 12 പേര്‍ ഷിന്‍ഡേ ശിവസേനയില്‍ മല്‍സരിക്കുമ്പോള്‍ 4 പേര്‍ അജിത് പവാറിന്റെ എന്‍സിപി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെ കുഡാല്‍-മല്‍വന്‍ മണ്ഡലത്തില്‍ നിന്ന് ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിനായി മത്സരിക്കും. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ദന്‍വെയുടെ മകള്‍ സഞ്ജന ജാദവ് ശിവസേന ടിക്കറ്റില്‍ കന്നാഡ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

മുന്‍ ബിജെപി നേതാവ് രാജേന്ദ്ര ഗാവിത്തും പാല്‍ഘര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ മത്സരിക്കും. ബിജെപി മുന്‍ എംഎല്‍എ വിലാസ് താരെ 2009 മുതല്‍ 2019 വരെ അവിഭക്ത ശിവസേനയുടെ ഉറച്ച കോട്ടയായ ബോയ്സറില്‍ മത്സരിക്കാനാണ് ടിക്കറ്റ് നേടിയത്. വര്‍ളിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷൈന എന്‍ സി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നതിനെ പിന്നാലെ മുംബാദേവി മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതിയുടെ സീറ്റ് പങ്കിടല്‍ കരാര്‍ പ്രകാരം സിംഹഭാഗവും ബിജെപി പിടിച്ചെടുത്തു കഴിഞ്ഞു. 148 സീറ്റുകളില്‍ ബിജെപി മല്‍സരിക്കും. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന 80 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ അജിത് പവാറിന്റെ എന്‍സിപിക്ക് 53 സീറ്റുകളാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്. ബാക്കിയുള്ള ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം മഹായുതിയിലെ ചെറിയ സഖ്യകക്ഷികള്‍ക്കായി ഒഴിവാക്കിയിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ ഇതുവരെ സമവായത്തിലെത്താന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ 20നാണ് ഒറ്റഘട്ടമായി മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു
Next post പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്