പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഈ മാസം 16 ന് തുടക്കമാകും : ബ്രസീലിൽ ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്‌ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൈജീരിയയിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകുന്നത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ എത്തുന്നത്.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യാത്ര. 16,17 തിയതികളിൽ പ്രധാനമന്ത്രി നൈജീരിയയിൽ തുടരുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2007 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ഊർജ്ജ, പ്രതിരോധ, സാമ്പത്തിക സഹകരണമാണ് ഉള്ളത്. നൈജീരിയയിലെ പ്രധാന മേഖലകളിൽ 200ലധികം ഇന്ത്യൻ കമ്പനികൾ 27 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ളതായും പ്രസ്താവനയിൽ പറയുന്നു.
ജി 20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ബ്രസീലേക്ക് പോകുന്നത്. 18ാം തിയതി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിലേക്ക് പോകും. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ജി 20യുടെ ഭാഗമാണ്.
ഉച്ചകോടിയുടെ ഭാഗമായി വിവിധ ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 19ാം തിയതിയാണ് പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. 19 മുതൽ 21 വരെ അദ്ദേഹം ഇവിടെ തുടരും. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗയാനയിലേക്ക് പോകുന്നത്.
1968ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. 2023ൽ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസത്തിൽ മുഹമ്മദ് ഇർഫാൻ അലി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. പ്രസിഡന്റുമായും ഗയാനയിലെ മുതിർന്ന നേതാക്കളുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തുമെന്നും ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.