January 19, 2025

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി’;സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ

Share Now

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തതിന് പിന്നാലെ പ്രതികരിച്ച് കുട്ടികളുടെ അമ്മ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതിയാണ് ഉള്ളതെന്നും സിബിഐയിൽ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞു.

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ആറ് കേസുകളിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊലപാതകമാണെന്നായിരുന്നു കുടുംബം അടക്കം ആരോപിച്ചത്. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസിൽ അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. അതിനിടെ കേസിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. കൂടാതെ കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു.

കേസിൽ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തുടർന്നാണ് 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണിപ്പോൾ മാതാപിതാക്കളെയും പ്രതി ചേർത്തുള്ള സിബിയുടെ കുറ്റപത്രം. എടുത്ത് പറയേണ്ടത് ആത്മഹത്യാ പ്രേരണാ കുറ്റമാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നതാണ്. സിബിഐ കുറ്റപത്രം പുറത്ത് വരുമ്പോൾ വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യ ആണെന്ന പൊലീസ് വാദം ശരിവക്കുകയാണ്. അപ്പോഴും നിരവധി സംശയങ്ങളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി
Next post ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍