
അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു; ഡല്‍ഹിയില്‍ ബിജെപിയുടെ വമ്പന്‍ സത്യപ്രതിജ്ഞ ചടങ്ങ് പ്രധാനമന്ത്രി മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് ശേഷം; ആര് നയിക്കും തലസ്ഥാനം?
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടച്ച ബിജെപി തങ്ങളുടെ തലസ്ഥാന നഗരിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീര ആഘോഷമാക്കി മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണവും സത്യപ്രതിജ്ഞ ചടങ്ങുമെല്ലാം കൃത്യമായി രീതിയില്‍ ഏകോപിപ്പിക്കാന്‍ വന്‍ സന്നാഹത്തിലാണ് ബിജെപി തയ്യാറെടുക്കുന്നത്. കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കാമെന്നാണ് ബിജെപിയുടെ തീരുമാനം.
മഹാരാഷ്ട്രയിലേത് പോലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം ക്ഷണിച്ച് വന്‍ ആഘോഷമാക്കി 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയത് ആഘോഷമാക്കാനാണ് ബിജെപി നീക്കം. ഡല്‍ഹി മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യവും തലസ്ഥാനത്ത് ചര്‍ച്ചയാവുന്നുണ്ട്. അതിനിടയില്‍ ആംആദ്മി പാര്‍ട്ടി തങ്ങള്‍ക്കേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റില്‍ തോറ്റപ്പോള്‍ മുഖ്യമന്ത്രി അതിഷി മാത്രമായിരുന്നു ഒന്നാം നിരനേതാക്കളില്‍ തന്റെ സീറ്റില്‍ ജയിച്ചത്.
ഡല്‍ഹി ഫലം ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആപ്പുമായി നിരന്തര പോരാട്ടം നടത്തിയ ഗവര്‍ണര്‍ വികെ സക്‌സേന അതിഷിയുടെ രാജി അംഗീകരിച്ചു. 70 സീറ്റുകളില്‍ 22 എണ്ണം മാത്രമാണ് ആപ്പിന് ജയിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളുണ്ടായിരുന്ന ഇടത്താണ് ഈ പരാജയം. 48 സീറ്റുകളാണ് ഇക്കുറി ബിജെപി നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8ല്‍ നിന്നെടുത്ത് നിന്നാണ് ഈ മുന്നേറ്റം.
ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയും അമിത് ഷായും ഇന്ന് കൂടിക്കാഴ്ച നടത്തുമ്പോള്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും ഇന്ന് വൈകിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും ഇന്നലെ വൈകിട്ട് ബിജെപി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് എംഎല്‍എമാരുമായി സംസ്ഥാന അധ്യക്ഷന്റെ കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തില്‍ ബിജെപി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച് ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഏറ്റവും മികച്ചതാക്കി മാറ്റിയ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂഡല്‍ഹി എംഎല്‍എ പര്‍വേഷ് വര്‍മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത്.