പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസില്‍ വഖഫ് ബില്ലും ഉള്‍പ്പെടുത്തി പഠിക്കാന്‍ സമയംവേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളിയാണ് ഇത്തരം ഒരു നീക്കം. നിലവില്‍ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു വിളിച്ച സര്‍വകക്ഷി യോഗമാണ് പാര്‍ലമന്റില്‍ തുടരുകയാണ്.
വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം യോഗത്തില്‍ പറയും. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്ന ബില്ലാണ് കൊണ്ടുവരുന്നത്. അതിനാല്‍ വിശദ ചര്‍ച്ച വേണം. എല്ലാ വിഭാഗങ്ങളുമായും സംസാരിക്കണം എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.
അതേസമയം, വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെ.പി.സി.) കാലാവധി നീട്ടണമെന്ന് സമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.. ഈ മാസം 29-ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. കരട് ഭേദഗതിയില്‍ വരുത്തിയ മാറ്റങ്ങള്‍ പഠിക്കാന്‍ കൂടുതല്‍സമയം ആവശ്യമാണെന്ന് വ്യാഴാഴ്ചചേര്‍ന്ന സമിതിയോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
സമിതിയുടെ അവസാനത്തെ യോഗമാണ് വ്യാഴാഴ്ചത്തേതെന്ന അധ്യക്ഷന്‍ ജഗദംബികാപാലിന്റെ പ്രസ്താവന യോഗത്തില്‍ പ്രതിപക്ഷപ്രതിഷേധത്തിന് വഴിവെച്ചു. സമിതിറിപ്പോര്‍ട്ടിന്റെ കരട് അംഗങ്ങള്‍ക്ക് വൈകാതെ വിതരണംചെയ്യുമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി. ചെയര്‍മാന്റെ നിലപാടില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഇടപെടണമെന്നാവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യവാരത്തിലെ അവസാനദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ലോക്സഭ നിര്‍ദേശിച്ചിരിക്കുന്നത്. വഖഫ് സാമൂഹിക നീതിക്കെതിരാണെന്നും അതിന് രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച് ഇവര്‍ വഖഫ് ബോര്‍ഡിന് നല്‍കി. വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.