ശബരിമലയിൽ “തത്വമസി” ആലേഖനം ചെയ്തതിനു പിന്നിൽ ആരാണെന്നു അറിയാമോ
നാല്പതു വർഷം മുൻപാണ് ശബരിമലയിൽ തത്വമസി ആലേഖനം ചെയ്തത്.
വിമാനത്താവളത്തിലെ കണ്ടു മുട്ടൽ ഒരു ചരിത്രമായി.
സ്വാമിയില്ലാതൊരു ശരണമില്ലായപ്പ. കരിമലയും നീലിമലയും ആപ്പാച്ചി മേടും ശരംകുത്തിയും ഒക്കെ കല്ലും മുള്ളും നഗ്നപാദത്തിൽ ചവിട്ടി ശരണം വിളിച്ചു പതിനെട്ടു പടികൾ കയറി കൊടിമരം തൊഴുത് നോക്കുമ്പോൾ മുന്നിൽ മൂന്നക്ഷരം തത്വമസി എന്ന് കണ്ണിൽ തെളിയും. മലയാളത്തിലും സംസ്കൃതത്തിലും ആണ് എഴുതിയിട്ടുള്ളത്.എന്താണ് സ്വാമി അയ്യപ്പൻ എന്നോ ശരണം അയ്യപ്പൻ എന്നോ പന്തള രാജകുമാരൻ എന്നോ ശബരിഗിരി വാസനെന്നോ എഴുതാതെ തത്വമസി എന്നു അയ്യനെ തേടി എത്തുന്നവർക്ക് പകരാൻ ക്ഷേത്ര മുഖപദ്മത്തിൽ ആലേഖനം ചെയ്തത്. തത്വമസി എന്നാൽ അതു നീ ആകുന്നു എന്നാണ് അർത്ഥമാക്കുന്നത്. അഹങ്കാരത്തിനും അറിവില്ലായ്മയ്ക്കും, കാമം ,ക്രോധം,ലോഭം,മോഹം, എന്നിവയ്ക്കും അപ്പുറം പരമാത്മ ചൈതന്യത്തിന്റെ വെളിച്ചം പകരുന്നതാണ് തത്വമസി .
ഈ മഹത്തായ സന്ദേശം കോടാനുകോടി ഭക്തരിലേക്ക് എത്തിക്കാൻ കാരണമായത് ചിന്മയാനന്ദ സ്വാമികളാണ് എന്നതു മഹത്തായ കാര്യം. നാലുപതിറ്റാണ്ടു മുൻപ് ആണ് ശബരിമലയുടെ ചരിത്രത്തിലെ ഏടായി തത്വമസി ആലേഖനം ചെയ്യപ്പെട്ടത്.
ഈ ചരിത്രപരമായ സംഭവത്തിലേക്ക് നയിച്ച കഥ ഇങ്ങനെയാണ്.1982 ഡിസംബർ എട്ടാം തീയതിയാണ് തത്വമസി എന്ന മഹത്തായ സന്ദേശം ക്ഷേത്ര മുഖപദ്മത്തിൽ പ്രതിഷ്ഠിച്ചത് എയർ ഇന്ത്യ ഉദ്യോഗസ്ഥനായ കാളിദാസൻ ആണ് കേരളത്തിൽ സ്വാമിജി എത്തിയാൽ എപ്പോഴും കൂടെ ഉണ്ടാകുക.ഇദ്ദേഹം പാലക്കാട് സ്വദേശിയാണ്.ഒരിക്കൽ കാളിദാസനും സ്വാമിജിയും ബോംബെ വിമാനത്താവളത്തിൽ കണ്ട് മുടി.കാളിദാസൻ ശബരിമലയിലേക്കുള്ള യാത്രയിൽ ആയിരുന്നു.സ്വാമിജി തിരുവനന്തപുരത്തേക്കും.സംസാരത്തിനിടെ കാളിദാസനോട് സ്വാമിജി ചോദിച്ചു എത്ര തവണയാണ് ശബരിമലയിൽ പോയിട്ടുള്ളത് എന്ന്. ഏഴു എന്ന മറുപടിക്ക് എന്താണ് അവിടെ കണ്ടത് എന്ന ചോദ്യം ഉണ്ടായി. അയ്യപ്പനെ കണ്ടു എന്നു പറഞ്ഞതോടെ വിവരിക്കാൻ ആവശ്യഒപെട്ടു.കഴിയുന്ന രീതിയിൽ വിവരണം നൽകിയ കാളിദാസനോട് നാന്നായി എന്നു പറഞ്ഞ സ്വാമിജി ചിന്മുദ്ര കാണിച്ചു കൊണ്ട് ഇതു എന്താണ് എന്ന് ചോദിച്ചു.മൗനം പാലിച്ചപ്പോൾ
ഗുരുദേവ് അദ്ദേഹത്തോട് ഹൃദയത്തിന്റെ വലുപ്പം കാണിക്കാൻ ആവശ്യപ്പെട്ടു. ‘തള്ളവിരൽ’ മുഷ്ടി കാണിച്ചു. ഗുരുദേവ് തള്ളവിരൽ കാട്ടി ചോദിച്ചു, ഈ വിരലിനു എന്താ പറയുക എന്ന് തള്ളവിരൽ എല്ലാ വിരലുകളുടെയും മാതാവ് എന്നാണ്.
അപ്പോൾ സ്വാമിജി പറഞ്ഞു “തള്ളവിരൽ (अंगुष्ठं) അത് (तत्) സൂചിപ്പിക്കുന്നു.
ഈ അങ്കുഷ്ടൻ, ഹൃദയേശ്വരൻ, അകത്തു വസിക്കുന്നവൻ. ഉള്ളിൽ ഇരിക്കുന്നതായാലും അത് ഏറ്റവും അടുത്തതാണെങ്കിലും, ഞങ്ങൾ അത് അകലെ ഉള്ളതു എന്ന് സംബോധന ചെയ്യുന്നു , മറ്റുള്ളവരെ ഞാൻ എങ്ങനെ ചൂണ്ടിക്കാണിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചൂണ്ടു വിരൽ ചൂണ്ടി , നീ, നീ, നീ” എന്ന് പറയും എന്ന് പറഞ്ഞു.
അദ്ദേഹം തുടർന്ന് പറഞ്ഞു : ഇങ്ങനെ ചൂണ്ടുവിരൽ നിങ്ങളെ സൂചിപ്പിക്കുന്നു നീ അല്ലെങ്കിൽ ത്വം (त्वम्).
ചൂണ്ടിക്കാണിക്കുന്ന വിരൽ त्वम् – നിങ്ങൾ തള്ളവിരലിന് (തത്) അധീനപ്പെടുമ്പോൾ – അത് സൂചിപ്പിക്കുന്ന, ഈ ഐക്യപ്പെടൽ (असि) ആകുന്നു — അത് നീ ആകുന്നു ”തത്ത്വമസി എന്ന് മാറുന്നു.” ഇതാണ് അയ്യപ്പ വിഗ്രഹത്തിന്റെ പിന്നിലെ ഉത്‌കൃഷ്‌ടമായ മാതൃക”എന്ന് അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു .
ശേഷം അദ്ദേഹം പറഞ്ഞു ശബരിമലയിൽ ചെന്നിട്ട് അവിടെ തത്വമസി എന്നു എഴുതി വയ്ക്കണം. അയ്യപ്പ സന്നിധിയിൽ എത്തുന്ന ഏതൊരാളും കാണുന്ന രീതിയിൽ വേണം സ്ഥാപിക്കാൻ എന്നു അധികരികളോട് പറയണമെന്നും സ്വാമിജി നിർദേശിച്ചു.
സ്വാമിജിയെ ചെറുകോൽ പുഴയിലെ ഹിന്ദു കൺവെൻഷനു പങ്കെടുപ്പിക്കാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് റ്റി എൻ ഉപേന്ദ്രനാഥകുറുപ്പ് കാളിദാസനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇദ്ദേഹത്തോട് കാളിദാസൻ സ്വാമിജി തന്നോട് നിർദേശിച്ച കാര്യം സൂചിപ്പിച്ചു.തുടർന്നു എവിടെയാണ് സ്ഥാപിക്കുക എന്നായി ആലോചന.ഒടുവിൽ തന്ത്രി കണ്ഠരര് നീല കണ്ഠർ പതിനെട്ടാം പടിയിൽ നിന്നും ഇതാണ് അനുയോജ്യമായ സ്ഥലം എന്നു കാണിച്ചു.മേൽശാന്തി പൂന്തോട്ടം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വാമിജിയുടെ നിർദേശം പാലിച്ചു തത്വമസി സ്ഥാപിച്ചു.
സ്വാമിജിയുടെ മലചവിട്ടൽ
തത്വമസി സ്ഥാപിച്ചു രണ്ടു വർഷം കഴിഞ്ഞാണ് സ്വാമിജി ആദ്യമായി മലചവിട്ടുന്നതും.1984 ഏപ്രിൽ 14 വിഷുവിനായിരുന്നു അദ്ദേഹം ശബരിമലയിൽ നിലക്കൽ വികസന സമിതിയുടെ ക്ഷണം അനുസരിച്ചു എത്തിയത്. ഗീതാജ്ഞാന യജ്ഞത്തിന് കോട്ടയത്തു വരുമ്പോൾ നിലക്കൽ പള്ളിയറ കാവിൽ ക്ഷേത്ര പുനരുദ്ധാരണ ചടങ്ങു ഉദ്‌ഘാടനം ചെയ്യാമെന്ന് സ്വാമി സമ്മതിച്ചിരുന്നു. സ്വാമിജിയുടെ ശബരിമലയിലേക്കുള്ള യാത്ര പെട്ടെന്നുള്ള തീരുമാനം ആയിരുന്നു.സപ്തിർഷി പദവി നൽകി ആദരിച്ചിട്ടുള്ള സ്വാമിജിയെ പൂർണ്ണ കുംഭം നൽകി ആദരിച്ചാണ് അദ്ദേഹത്തെ ഇവിടെ സ്വീകരിച്ചത്.എന്നാൽ ഇരുമുടി കെട്ടില്ലാതെ എത്തിയ സ്വാമിജിയെ പതിനെട്ടാം പടി ചവിട്ടാൻ പാടില്ല എന്ന് ദേവസ്വം കമ്മീഷണർ നിലപാട് പറഞ്ഞു.ഒടുവിൽ പുണ്യപാപങ്ങളുടെ ചുമടാണ് ഇരുമുടി കെട്ടു ലൗകിക ജീവിതം ഉപേക്ഷിച്ച സന്യാസിമാർക്ക് നന്മയുടെയും തിന്മയുടെയും പ്രതികമായും ഇരുമുടികെട്ടിന്റെ ആവശ്യം ഇല്ല എന്ന സ്വാമിജിയുടെ അഭിപ്രായം കമ്മിഷണറെ ബോധ്യപ്പെടുത്തിയ ശേഷമാണ് സ്വാമിജി പതിനെട്ടാം പടി ചവുട്ടിയത്.