വിളപ്പിൽശാല അഡ്വഞ്ചർ ടൂറിസം അക്കാദമി: വിശദ പ്രൊപ്പോസൽ തയ്യാറാകുന്നു
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽപ്പെട്ട വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാലയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി വരുന്നതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. സാഹസിക ടൂറിസം അക്കാദമിക്കായി വിളപ്പിൽ വില്ലേജിലെ 4.85 ഹെക്ടർ റവന്യൂ ഭൂമിയിൽ ടൂറിസം വകുപ്പിന്
ഉപയോഗാനുമതി ലഭിച്ചിട്ടുള്ളതായും അക്കാദമി സ്ഥാപിക്കുന്നത്
സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ നൽകാൻ ടൂറിസം ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുള്ളതായും അത് കൂടി ലഭിച്ചാലുടൻ ആവശ്യമായ തീരുമാനം എടുത്ത് മറ്റു നടപടികളിലേക്ക് കടക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ ഇത് സംബന്ധിച്ച് ഐ.ബി.സതീഷ് എം.എൽ.എ ഉന്നയിച്ച സബ്
മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഡ്വഞ്ചർ ടൂറിസം അക്കാദമി
ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള അഡ്വഞ്ചർ പ്രമോഷൻ ടൂറിസം സൊസൈറ്റി തയ്യാറാക്കിയ
9.82 കോടി രൂപയുടെ ഡി.പി.ആർ ധനവകുപ്പിന് സമർപ്പിച്ചിരുന്നു. അക്കാദമിയുടെ സവിശേഷതകൾ
കോസ്റ്റുകളുടെ വിശദാംശങ്ങൾ സാമ്പത്തിക കാര്യങ്ങൾ എന്നിവ വിശദമാക്കുന്ന വിപുലമായ പ്രൊപ്പോസൽ തയ്യാറാക്കാനാണ്
നിർദ്ദേശിച്ചിരിക്കുന്നത്. കേരള അഡ്വഞ്ചർ പ്രൊമോഷൻ ടൂറിസം സൊസൈറ്റി അത് തയ്യാറാക്കി വരികയാണ്. ടൂറിസം വികസനത്തിൽ മികച്ച സാധ്യത ഉള്ള മേഖലയാണ് അഡ്വഞ്ചർ ടൂറിസം രംഗം. ഇത് ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമുള്ള മാനവവിഭവശേഷി ഉറപ്പു വരുത്തേണ്ടത്
അനിവാര്യമാണ്. ഇതിനായാണ് സംസ്ഥാനത്ത് ഒരു അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കാൻ ടൂറിസം വകുപ്പ്
തീരുമാനിച്ചതെന്നും മന്ത്രി കൂട്ടി ചേർത്തു.