March 22, 2025

ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അം​ഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

Share Now

കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു.

റൂറൽ എസ്പി കെഇ ബൈജുവാണ് നിർദേശം നൽകിയതിനെ തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ ഐപി സായൂജ് ആണ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നത്. സ്കൂളിൽ പ്രതികൾ പരീക്ഷ എഴുതിയാൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കത്ത് അയച്ചത്. വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം കേസില‍െ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവ​ദിക്കില്ലെന്ന് യൂത്ത് കോൺ​ഗ്രസും കെഎസ്‌യുവും പറ‍ഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്.

Previous post സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
Next post വീണ്ടും എബോള പടരുന്നു; രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ ചികിത്സയില്‍