ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം “ഉത്തരവായി.
തിരുവനന്തപുരം :
വനം വകുപ്പിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ ദീർഘകാല ഡിമാൻ്റ് ആയിരുന്ന ” ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം ” അനുവദിച്ച് ഉത്തരവായി. 24 മണിക്കൂറും വനസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിച്ചിരുന്ന വനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി ഡ്യൂട്ടി സമയം ക്ലിപ്തപ്പെടുത്തി ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം ലദിക്കും. 4/9/ 2021 തീയതിയിലെ ഫയൽ നമ്പർ F3 /135 / 2019 (വനം ) എന്ന ഉത്തരവ് പ്രകാരം വനം പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനം വകുപ്പ് മേധാവിയോട് വനപാലകർക്ക് വിശ്രമം നിയമപരമായി അനുവദിക്കാൻ നിർദ്ദേശം നൽകിയത്. ജോയിൻ്റ് കൗൺസിൽ സംഘടനയായ കെ എസ് എഫ് പി എസ് ഓ ( കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ) നൽകിയ നിവേദനത്തെയും പ്രക്ഷോഭങ്ങളെയും തുടർന്ന് 2018 മുതൽ തുടങ്ങിയ പരിശ്രമങ്ങളുടെ വിജയമാണ് ഈ ഉത്തരവ് എന്ന് നേതാക്കൾ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്ന് ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്സും മുഖ്യവനപാലകനുമായ കെ.കേശവൻ ഐ എഫ് എസ് നൽകിയ നിർദേശത്തെ തുടർന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ( ഭരണം) തുടർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കുകയും ചെയ്തു.
2018ൽ ഡ്യൂട്ടി ഓഫിനായ് കെ എസ് എഫ് പി എസ് ഓ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് ,കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് വനം മന്ത്രിയായിരുന്ന അഡ്വ.കെ.രാജുവിൻ്റെ ചേമ്പറിൽ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്നാണ് ഡ്യൂട്ടി ഓഫ് സംബന്ധിച്ച നിർദ്ദേശം പഠിച്ച് സമർപ്പിക്കാൻ മുഖ്യവനപാലകനെ ചുമതലപ്പെടുത്തിയത്. സംഘടനകളുമായ് ചർച്ച നടത്തി വ്യക്തമായ ശുപാർശ 31/12/2021 ലും 23/4/ 2021ലും സർക്കാരിന് സമർപ്പിക്കുകയും ചെയ്തത് പരിശോധിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയത്.
ഇതു പ്രകാരം ഇനി മുതൽ സംരക്ഷണ വിഭാഗം ജീവനക്കാരെ സാധാരണ ഗതിയിൽ ആവശ്യമുള്ളതോ , ജോലിക്ക് ആനുപാതികമായോ വിശ്രമം ഉറപ്പു വരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കാവുഎന്നുണ്ട് . ജോലിക്കു ശേഷം ജനറൽ ഡയറിയിലോ / മൂവ് മെൻറ് രജിസ്റ്ററിലൊ ഒപ്പ് രേഖപ്പെടുത്തി വനം സംരക്ഷണത്തിൻ്റെ ഉത്തരവാദിത്വം നിലനിറുത്തി വിശ്രമം അനുവദിക്കും.
വനം വകുപ്പിലെ ചരിത്രമായ സുവർണ്ണ തീരുമാനം കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനെയും വനം മന്ത്രി എ.കെ.ശശീന്ദ്രെെെനയും മുൻ വനം മന്ത്രി അഡ്വ.കെ.രാജുവിനെയും വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യവനപാലകൻ , അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ( ഭരണം) എന്നിവരെ ജോയിൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.ഷാനവാസ് ഖാനും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും,സംസ്ഥാന പ്രസിഡൻ്റ് എൻ ടി . സാജുവും ജനറൽ സെക്രട്ടറി ടി വിജയനും അഭിനന്ദിച്ചു.