പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.
കാട്ടാക്കട:പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് . നൂതന ടെക്നോളജിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികളിൽ ജനങ്ങൾ കാഴ്ച്ചക്കാർ മാത്രമാകാതെ ഇടപെടുന്നവർ കൂടിയാകണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ കിള്ളി – തൂങ്ങാംപാറ – കൊറ്റംപള്ളി – അമ്പലത്തിൻകാല റോഡ്, കാനക്കോട് – പാപ്പനം റോഡ്, ചെമ്പനാകോട് – കിഴമച്ചൽ – കാഞ്ഞിരംവിള റോഡ് എന്നീ നിർമ്മാണം പൂർത്തിയായ 3 പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ സുധ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി.സുരേഷ്കുമാർ മുഖ്യാതിഥിയായി സംസാരിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.അനിൽകുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.സുരേഷ്കുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എസ്. ലതകുമാരി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.റാണി ചന്ദ്രിക, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്താപ്രഭാകരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജെ. സുനിത, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് അംഗം ദിവ്യ.എ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ശോഭനചന്ദ്രൻ, സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ.സുനിൽകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് ആൽബർട്ട്,എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.ജ്യോതി തുടങ്ങിയവർ സംസാരിച്ചു.