December 12, 2024

‘ഇ പി സഹോദരനെപ്പോലെ, എനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല, ആത്മകഥ വിവാദത്തിന് പിന്നില്‍ പി ശശിയും ലോബിയും’, പി വി അന്‍വര്‍

Share Now

ഇ പി ജയരാജന്റെ പുസ്തകത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി പി വി അന്‍വര്‍. ഇ പി തനിക്കെതിരെ അങ്ങനെ പറയില്ലെന്ന് അന്‍വര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇ പിയും ഞാനും തമ്മിലുള്ള വൈകാരിക ബന്ധം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അറിയുന്നതാണ്. എന്റെ സ്വന്തം സഹോദരനെപ്പോലെയാണ് അദ്ദേഹം. ഇന്നും ഞങ്ങള്‍ ആ ബന്ധം നിലനിര്‍ത്തുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ ഈ ഒരു ഘട്ടത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തു എന്നാണ് പറയുന്നത്. അത് അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഓപ്പറേഷനാണിത് – അന്‍വര്‍ വ്യക്തമാക്കി.

ഇ പി ഈ പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഒരാള്‍ ഉണ്ടാകാമെന്നും ആ വ്യക്തിയെ പി ശശിയും സംഘവും ഹൈജാക്ക് ചെയ്തിട്ടുണ്ടാകാമെന്നും അന്‍വര്‍ ആരോപിക്കുന്നു. ഇ പി ജയരാജന്‍ എങ്ങനെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയതെന്ന ചോദ്യവും അന്‍വര്‍ ഉന്നയിക്കുന്നു. ഒരു കേന്ദ്ര മന്ത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു എന്നാണ് പറയുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ ആലയില്‍ കിടന്നുറങ്ങുന്നവരാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും. അവരാണ് പൂരം കലക്കിച്ചത്. അവരാണ് ആര്‍എസ്എസിനും ബിജെപിക്കും സീറ്റുണ്ടാക്കിക്കൊടുത്തത്. ഇതെല്ലാം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കമ്യൂണിസ്റ്റ്കാര്‍ക്കും അറിയാം. അവര്‍ക്കെതിരെ നടപടിയില്ല. ചായ കുടിക്കാന്‍ വഴിയെ പോയ മന്ത്രി കയറിയതിന് പാവം ഇ പിയെ പിടിച്ച് പുറത്താക്കുകയാണ് ചെയ്തത്. എന്നിട്ട് അടുത്ത കുരിശ് അദ്ദേഹത്തിന്റെ തലയിലേക്ക് ഇട്ടു കൊടുക്കുകയാണ് പി ശശിയും ലോബിയും. ഞാന്‍ അങ്ങനെയാണ് മനസിലാക്കുന്നത് – അന്‍വര്‍ വിശദമാക്കി.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം, തുല്യതയില്‍ വിശ്വസിക്കണം.. പക്ഷെ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക
Next post പി.വി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്