ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ഥിനി നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ഥിനി ദീപ പി. മോഹന്‍ നടത്തുന്ന നിരാഹാര സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യാര്‍ഥിനി ജാതിപരമായ വിവേചനം നേരിട്ടിട്ടുണ്ടെന്ന് സര്‍വകലാശാലയും കോടതിയും കണ്ടെത്തിയിട്ടും നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. ഗവേഷണത്തിനു വേണ്ടി ലാബ് തുറന്ന് കൊടുക്കാന്‍ പോലും ഹൈക്കോടതിയില്‍ റിട്ട് നല്‍കേണ്ട ദുരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമാണ് വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത്. സര്‍വകലാശാലയുടെ മനുഷ്യത്വരഹിതമായ നടപടികളെ തുടര്‍ന്ന് ജീവിതത്തിലെ ആറു വര്‍ഷമാണ് പെണ്‍കുട്ടിക്ക് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം.ജി സര്‍വകലാശാലയില്‍ തന്നെ എ.ഐ.എസ്.എഫ് നേതാവായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരായായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. അതും ഒരു ദളിത് പെണ്‍കുട്ടിയായിരുന്നു. ജാതി വിവേചനം നേരിട്ടെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാര്‍ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ പല കാരണങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടിപറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 2019 ല്‍ ഗവേഷണ കാലാവധി കഴിഞ്ഞതാണ്. എന്നാല്‍ ഇതിന് ശേഷവും ഗവേഷണം നടത്താന്‍ സര്‍വ്വകലാശാല അനുമതി നല്‍കി. ഇതിനിടെയാണ് അധ്യാപകന്‍ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ചേ നടപടി എടുക്കാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു