January 19, 2025

‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Share Now

കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്. സാധാരണ രീതിയില്‍ ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് വിശദീകരിക്കാറുള്ളതാണ്. അങ്ങനെയൊരു നിലപാടും നിലവില്‍ അവര്‍ എടുത്തിട്ടില്ല. എവിടെ വച്ചാണ്, എപ്പോഴാണ്, എങ്ങനെയാണ് ചര്‍ച്ച നടത്തിയതെന്ന് കൃത്യമായി പറയേണ്ടതല്ലേ? – അദ്ദേഹം ചോദിച്ചു.

തങ്ങള്‍ മുന്നണി മാറിയതല്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) പൂര്‍ണായും എല്‍ഡിഎഫിനോടൊപ്പമാണെന്നും സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ബലം കൊടുക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും ബിജെപി യും സ്വാഗതം ചെയ്യുന്നത് പാര്‍ട്ടിക്ക് അടിത്തറ ശക്തമായത് കൊണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് മടങ്ങും എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സഭാ നേതൃത്വം അടക്കം ഇടപെട്ടുമെന്നും അഭ്യൂഹം പരന്നു. ഇതോടെയാണ് വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
Next post എന്റെ പേര് അനാവശ്യമായി ചേര്‍ത്തതാണ്.. മൂന്ന് സ്വത്തുക്കള്‍ താത്കാലികമായി സീല്‍ ചെയ്തു, പക്ഷേ എനിക്കതില്‍ അവകാശമില്ല: ധന്യ മേരി വര്‍ഗീസ്