വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ഓടിയത് 4 ലക്ഷം ട്രിപ്പുകൾ
തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 4 ലക്ഷം ട്രിപ്പുകൾ. സേവനപാതയിൽ 316 ആംബുലൻസുകളും 1500 ജീവനക്കാരും സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. 2 വർഷം പിന്നിടുമ്പോൾ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. കോവിഡ് കഴിഞ്ഞാൽ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകൾ ആണ് അധികം. 18,837 ട്രിപ്പുകളാണ് ഈ ഇനത്തിൽ ഓടിയത്. 16,513 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാനും 13,969 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാനും 3,899 ട്രിപ്പുകൾ ഗർഭ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം നൽകുവാനും 9,571 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം നൽകുവാനും 3,653 ട്രിപ്പുകൾ വിഷബാധ ഏറ്റ് അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം നൽകുവാനും വേണ്ടി
കനിവ് 108 ആംബുലൻസുകൾ ഓടി. ഇത് കൂടാതെ പക്ഷാഘാതം, ജെന്നി ഉൾപ്പടെയുള്ള നിരവധി വിവിധ അത്യാഹിതങ്ങളിൽ പെട്ടവർക്കും വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108കൾ ഓടിയത്. രണ്ട് വർഷത്തിനിടയിൽ 56,115 ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കൊല്ലം 30,554, പത്തനംതിട്ട 19,933, ആലപ്പുഴ 32,058, കോട്ടയം 27,933, ഇടുക്കി 12,426, എറണാകുളം 29,123, തൃശ്ശൂർ 33,118, പാലക്കാട് 46,837, മലപ്പുറം 40,230, കോഴിക്കോട് 31,685, വയനാട് 15,438, കണ്ണൂർ 29,047, കാസർകോട് 19,293 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയ ട്രിപ്പുകളുടെ എണ്ണം.
ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉൾപ്പടെ 36 പേരുടെ പ്രസവനങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം സജ്ജമാക്കിയിരുന്നു. ഇതുവരെ 3,17,780 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഓടിയത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എമർജൻസി മാനേജ്‌മമെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല.
അടിയന്തിരഘട്ടങ്ങളിൽ പൊതുജനത്തിന് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ ഈ സൗജന്യ ആംബുലൻസ് സേവനം ലഭിക്കുന്നതാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് സെന്ററിലേക്ക് ആണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി. ഓരോ ആംബുലൻസിലും പരിചയ സമ്പന്നരായ ഡ്രൈവർ, നേഴ്‌സ് എന്നിവരാണ് ഓരോ ഉള്ളത്.