സഹപ്രവർത്തകർ നൽകിയ സ്നേഹസമ്മാനം നിർധന രോഗികൾക്ക് നൽകി മാതൃകാ സേവനം
നെയ്യാർ ഡാം:
വിരമിക്കലിനു സഹപ്രവർത്തകർ നൽകിയ സ്നേഹസമ്മാനം നിർധന രോഗികൾക്ക് നൽകി മാതൃകാ സേവനം നടത്തി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ.നെയ്യാർ ഡാം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന നെയ്യാർ ഡാം ജി എൽ കോട്ടേജിൽ കെ എസ് പ്രതാപ കുമാർ ആണ് സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിക്കുന്നവർക്കും സമൂഹത്തിന് തന്നെയും പുതു വെളിച്ചം പകരുന്ന മാതൃക പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.
നെയ്യാർ ഡാം അഗ്നിരക്ഷാ സേന റിക്രിയേഷൻ ക്ലബ്ബ് വീരമിക്കുന്ന പ്രതാപകുമാറിന് നൽകാനായി സഹപ്രവർത്തകർ സ്വരൂപിച്ച തുകയാണ് പ്രതാപ കുമാർ ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം ഇപ്പോൾ ജോലി ചെയ്യുന്ന പരിധിയിലെ കള്ളിക്കാട്, നെയ്യാർ ഡാം,പെരുംകുളങ്ങര ,മൈലക്കര വാർഡുകളിലെ നാലു നിർധന രോഗികൾക്ക് നൽകാനായി ഇതേ വാർഡുകൾ പ്രതിനിധികരിക്കുന്ന കല, വനിതാ,ബിന്ദു വി രാജേഷ്,അനില എന്നീ പഞ്ചായത്ത് അംഗങ്ങൾക്ക് കൈമാറിയത്.31 നു വിരമിക്കലിനു മുന്നോടിയായി സേന കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആണ് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൈമാറിയത്.സ്വർണ്ണ മോതിരം നൽകാനിരുന്ന സഹപ്രവർത്തകരോട് പ്രതാപ് കുമാർ തന്റെ ആഗ്രഹം പങ്കുവച്ചോടെയാണ് സേന ഒന്നാകെ ഈ സൽപ്രവർത്തിയിൽ പങ്കാളിയായത് .
കഴിഞ്ഞ 23 വർഷക്കാലം സാഹസികമായി ജീവൻ പണയം വച്ചു ജനങ്ങളുടെ ജീവനും മൃഗങ്ങളുടെ ജീവനും ഒക്കെ രക്ഷിക്കാനായി നിസ്വാർത്ഥമായ സേവനം അനുഷ്ഠിച്ചു.ജോലിയും ഉപജീവവും ആണെങ്കിൽ കൂടിയും തികച്ചും ആത്മാർത്ഥമായി ആണ് ഓരോ കേസും കൈകാര്യം ചെയ്തത്.തുടർന്നും ജീവകാരുണ്യ പ്രവർത്തികളും സേവനവും ഒക്കെ ചെയ്യാൻ ആണ് തീരുമാനം.ഔദ്യോഗിക ജീവിതത്തിനും വിരമിക്കലിനും ഇടയിൽ ഉള്ള ഈ പ്രവർത്തി സംസ്ഥാനത്തു ഈ വർഷം വിരമിക്കുന്ന 23000 ത്തോളം വിവിധ വകുപ്പ് ജീവനക്കാർക്ക് ഒരു പ്രചോദനം ആകട്ടെ എന്നും അവരിൽ ആയിരം പേര് വിചാരിച്ചാൽ നാലായിരം നിർധന രോഗികൾക്ക് ഒരു ചെറിയ ആശ്വാസം പകരാൻ കഴിയുമെന്നും പ്രതാപ കുമാർ പറഞ്ഞു.സേനയിൽ അംഗമായ പ്രതാപ കുമാറിന്റെ ഈ സൽപ്രവർത്തി സേനക്ക് അഭിമാന നിമിഷമെന്നു ഡി എഫ് ഒ സൂരജ് പറഞ്ഞു.ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും ക്ലബ് ഒരുക്കിയിരുന്നു.
അവിവാഹിതനായ പ്രതാപ കുമാർ മാതാപിതാക്കൾ സഹോദരി അനന്തിരവൻ എന്നിവർക്കൊപ്പമാണ് കഴിയുന്നത്.മറ്റൊരു സഹോദരി നെയ്യാർ ഡാം പമ്പ് ഹൗസിനു സമീപം കുടുംബമായി കഴിയുന്നു. പ്രതാപ കുമാറിന്റെ നാല്പത്തി രണ്ടാം വയസിലാണ് അമ്മയുടെ മരണം ഈ സമയം വിവാഹാലോചനകൾ നടക്കുകയിരുന്നു. ഇതിനുശേഷം വിവാഹം തന്നെ വേണ്ടയെന്നു തീരുമാനിക്കുകയായിരുന്നു. അമ്മക്ക് കാണൻ കഴിയാത്ത ആ മുഹൂർത്തം തന്റെ ജീവത്തിൽ ഇനി വേണ്ട എന്ന നിലപാടാണ് പ്രതാപ കുമാർ സ്വീകരിച്ചത്. സർവീസിൽ ഇരിക്കെയും നിരവതി മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് പ്രതാപൻ ഈ അനുഭവങ്ങളും
നെയ്യാർ ഡാം അഗ്നിരക്ഷാ നിലയത്തിൽ ഒരുക്കിയ വേദിയിൽ പ്രതാപകുമാർ സഹപ്രവർത്തകരോട് പങ്കുവച്ചു.ചടങ്ങിൽ ഡി എഫ് ഒ സൂരജ്,
റീജ്യണൽ ഫയർ ഫോഴ്‌സ് ഓഫീസർ ദിലീപ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, റിക്രിയേഷൻ ക്ലബ് സെക്രട്ടറി അരവിന്ദ് എന്നിവർ സംസാരിച്ചു.