പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
അഗ്നിരക്ഷാ സേന ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ
കള്ളിക്കാട്: കള്ളിക്കാട് സ്വകാര്യ ബിൽഡിങ്ങിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാചക വാതക സിലിണ്ടർ ചോർന്നു.പരിഭ്രാന്തരായ തൊഴിലാളികൾ ബഹളം വച്ചതോടെ അതേ കെട്ടിടത്തിൽ താമസിക്കുന്ന കള്ളിക്കാട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനായ പ്രതാപനെ തൊഴിലാളികൾ വിവരം അറിയിക്കുകയും ഉടൻ തന്നെ തൊഴിലാളികളുടെ മുറിയിൽ എത്തി ചോർച്ചയുള്ള സിലിണ്ടറുമായി അതെ നിലയിൽ തുറസായ സ്ഥലത്തേക്ക് എത്തിച്ചു. തുടർന്ന് മൈലക്കര യൂണിറ്റിൽ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ യൂണിറ്റ് പരിശോധന നടത്തിയ ശേഷം സിലിണ്ടർ അഗ്നിരക്ഷാ നിലയത്തിലേക്ക് കൊണ്ട് പോയി.
ഇതര സംസ്ഥാന തൊഴിലാളികൾ പതിനഞ്ചോളം പേരാണ് ഇവിടെ ഉണ്ടായിരുന്നത്.ഭക്ഷണം കഴിച്ചു കഴിഞ്ഞു വിശ്രമിക്കുന്നതിനിടെയാണ് പാചകം ചെയ്യുന്നയിടത്തു നിന്നും ശബ്ദം കേൾക്കുന്നത്.ഇതോടെ തൊഴിലാളികളിൽ ഒരാൾ ഇവിടെയെത്തി പരിശോധിച്ചപ്പോൾ വാതകം ചോർച്ച കണ്ടെത്തി. പ്രശ്ന പരിഹാരം കാണാൻ തലകീഴായി വച്ചിട്ടും ഫലം കാണാതായതോടെ പരിഭ്രാന്തരായ തൊഴിലാളികൾ സമീപ താമസക്കാരനായ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനായ പ്രതാപനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം എത്തി രക്ഷ പ്രവർത്തനം നടത്തിയത്.കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സിലിണ്ടറിൽ വാതകം മൂന്നുകിലോയോഴികെ എല്ലാം ചോർന്നിരുന്നു. വാതകം ചോർന്ന ഹാളിൽ തന്നെയായിരുന്നു തൊഴിലാളികൾ എല്ലാവരും ഉണ്ടായിരുന്നത്.ഈ സമയം ആരെങ്കിലും ലൈറ്റർ തെളിക്കുകയോ,ഇലക്ട്രിക്കൽ സ്വിച്ച് ഉപയോഗിക്കുകയോ ചെയ്തിരുന്നു എങ്കിൽ വൻ ദുരന്തം ഉണ്ടായേനെ എന്ന് ഉദ്യോഗസ്ഥനായ പ്രതാപൻ പറഞ്ഞു.