ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ
വെള്ളനാട്:വെള്ളനാട്ട് തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.പഞ്ചായത്തിൽ തെരുവ് വിളക്ക് കത്തിക്കുന്നതിന് കരാറെടുത്തിരിക്കുന്ന കാരോട് വിമലഗിരി ജെ.എസ്.നിലയത്തിൽ എസ്.പ്രിൻസാണ് ഇതു സംബന്ധിച്ച് പ്രസിഡന്റിന് പരാതി നൽകിയിരിക്കുന്നത്.
തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനുമാണ് പ്രിൻൻസ് ഇ-ടെണ്ടർ അടിസ്ഥാനത്തിൽ പരസ്യം നൽകിയ പ്രകാരം പഞ്ചായത്തിൽ കരാറെടുത്തത്.ഇതു പ്രകാരം അതതുവാർഡുകളിൽ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തുന്ന ലൈറ്റുകളുടെ പൂർണ്ണ വിവരം വാർഡ് അംഗങ്ങൾ സാക്ഷ്യപ്പെടുത്തണം. പഞ്ചായത്തിലെ ടൗൺവാർഡ് അറ്റകുറ്റപ്പണി നടത്തിയതിന് അംഗം എസ്.കൃഷ്ണകുമാർ ഇത്തരത്തിൽ സാക്ഷ്യപത്രം നൽകാൻ കൂട്ടാക്കിയില്ല .ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.ഇതിനിടയിൽ കരാറുകാരൻ കള്ള സാക്ഷ്യപത്രം നൽകിയതായി ഗ്രാമ പഞ്ചായത്തംഗം ആരോപണമുന്നയിച്ചു.ഇതോടെയാണ് കരാറുകാരൻ പരസ്യമായി ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ പ്രസിഡന്റിന് പരാതി നൽകിയത്.ഗ്രാമ പഞ്ചായത്തംഗം നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് 3000രൂപ നേരിട്ടും 22,000രൂപ പഞ്ചായത്തംഗത്തിന്റെ അക്കൗണ്ടിലും നൽകിയതായി കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു.വീണ്ടും പണിചെയ്തിട്ടും സാക്ഷ്യ പത്രം നൽകാതെ ഇപ്പോൾ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കരാറുകാരൻ എസ്.പ്രിൻസ് നൽകിയ പരാതിയിൽ പറയുന്നു.പരാതി ലഭിച്ചതായും സംഭവത്തെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മിയും വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനും അറിയിച്ചു.