December 2, 2024

കാവൽ നിന്നു, ആശ പൊരുതിവീണു

Share Now

ബാലരാമപുരം:കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ ആശ (26) കോവിഡ് ബാധിച്ചു മരിച്ചു. എസ്എഫ്ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്‌മിക വേർപാട്‌ നാടിനെ ദുഃഖത്തിലാഴ്ത്തി.

തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം ഉണ്ടായി നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ, -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങൾ. പാറശാല സ്വകാര്യ ലോ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയാണ്‌. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോധികരായ സഹോദരങ്ങൾക്ക് ഇനി സ്വന്തം ഭൂമി; വഴിയൊരുക്കിയത് പഞ്ചായത്ത് അംഗത്തിന്റെ പ്രയത്നം.
Next post പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.