ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗ്വതം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്
ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്നത്. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്.
തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവ്വത്തിലാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ സാന്നിധ്യത്തിൽ ബിപിൻ പാർട്ടിയിൽ ചേർന്നത്. സിപിഎം ഏരിയാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിബിൻ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. ബിപിൻ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ബിപിനെതിരെ ഗാർഹിക പീഡനപരാതിയിൽ സിപിഎം നടപടിയെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ മുൻ പ്രസിഡൻറ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.
അതേസമയം സിപിഎമ്മിനെ നിയന്ത്രിക്കുന്നത് വർഗീയ ശക്തികളെന്ന് ബിപിൻ സി.ബാബു പറഞ്ഞു. സിപിഎമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നും ബിപിൻ പറഞ്ഞു. ജി.സുധാകരൻ്റെ അവസ്ഥ ദയനീയമെന്നും ബിപിൻ പറഞ്ഞു. അതിനിടെ ആലപ്പുഴയിൽ നിന്ന് കൂടുതൽ സിപിഎം നേതാക്കൾ ഉടൻ ബിജെപിയിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.