![](https://thekeralatimes.com/wp-content/uploads/2024/12/untitled-1-96-1200x630.jpg.webp)
ചാര്‍ജ് മെമ്മോയ്ക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിച്ച് എന്‍ പ്രശാന്ത്; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ചാര്‍ജ് മെമ്മോ ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എന്‍ പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും ചേര്‍ന്നാണ് തന്നെ കുടുക്കിയതെന്നാണ് പ്രശാന്തിന്റെ ആരോപണം.
വ്യാജ ഫയല്‍ ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് തന്നെ കുടുക്കിയെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇ ഓഫീസിലെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത വ്യക്തിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറി ചാര്‍ജ് മെമ്മോ നല്‍കിയത്. ടെറന്‍സ് മെക്കനെയുടെ പ്രശസ്തമായ വരിയോടെയാണ് പ്രശാന്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
സത്യത്തിന് നിലനില്‍ക്കാന്‍ താങ്കളുടെ സഹകരണം ആവശ്യമില്ല എന്ന് സ്‌നേഹാദരങ്ങളോടെ മഹാ മാധ്യമമായ മാതൃഭൂമിയോട്. ലോകോത്തര പത്രമായ മാതൃഭൂമിക്ക് ഡോ. ജയതിലക് സ്‌നേഹപുരസരം സമ്മാനിച്ച അതേ ഫയലാണ് നമ്മളിന്ന് ചര്‍ച്ച ചെയ്യുന്നത്. ലേശം എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് മാതൃഭൂമി ലേഖകന് കാണാന്‍ പറ്റാതെ പോയ ചിലതൊക്കെ അതേ ഫയലില്‍ കാണാന്‍ സാധിക്കും.
ഈ-ഓഫീസിലെ PDF ഫയലിന്റെ ഏറ്റവും താഴെ ഡൗണ്‍ലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. അത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് ഇവിടെ പങ്ക് വെക്കുന്നു. ഡോ. ജയതിലക് അവര്‍കള്‍ ലീക്കാക്കിയ ഫയലിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചതായി നമുക്ക് കാണാം.
ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണനാണ് നമ്മുടെ യഥാര്‍ത്ഥ ഹീറോ. ‘നാട്ടുകാരേ ഓടി വരു.. കടയ്ക്ക് തീ പിടിച്ചേ’ എന്ന ടോണില്‍ ‘ഉന്നതി’ ഫയലുകള്‍ കാണ്മാനില്ല എന്ന് കരഞ്ഞ് കൊണ്ട് രണ്ട് കത്തുകള്‍ ഡോ. ജയതിലകിന് എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണന്‍ നല്‍കിയതായി ഫയലില്‍ കാണാം.
ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഡോ.ജയതിലക് എനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും മാതൃഭൂമിക്ക് കൊടുക്കുന്നതും. ഈ കത്തുകള്‍ക്ക് പ്രത്യേകതകള്‍ അനവധി. ലെറ്റര്‍ നമ്പറോ ഫയല്‍ നമ്പറോ ഇല്ല. SC ഡയറകടര്‍ അയക്കുന്ന കത്താണെങ്കിലും അതിന് വകുപ്പിന്റെ ലെറ്റര്‍ ഹെഡ് പോലും ഇല്ല. സര്‍ക്കാറില്‍ ഇത്തരം കത്തുകള്‍ അത്യപൂര്‍വ്വമായതിനാല്‍ നാഷനല്‍ മ്യൂസിയം ഒരു കോപ്പി ചോദിച്ചിട്ടുണ്ട്. ഈ രണ്ട് അത്ഭുത കത്തുകളെ നമുക്ക് ഒന്നൂടെ പരിശോധിക്കാം.
ഡോ. ജയതിലകിനും എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണനും ‘ഈ-ഓഫീസില്‍’ ടൈം സ്റ്റാമ്പ് (time stamp) എന്നൊരു സംഭവം ഉള്ളത് അറിയില്ലെന്ന് തോന്നുന്നു. ഈ-ഓഫീസ് സെര്‍വ്വര്‍ മൂന്ന് നാലുതവണ ഫോര്‍മാറ്റ് ചെയ്താലേ ഈ ടൈം സ്റ്റാമ്പ് പോകൂ എന്നാണ് പറയപ്പെടുന്നത്. അല്ലെങ്കില്‍ പിന്നെ ഹാക്ക് ചെയ്യണം.
7/6/2024 ഉം 3/7/2024 ഉം ഡേറ്റ് രേഖപ്പെടുത്തിയ ഈ രണ്ട് കത്തുകളും ഈ-ഓഫീസില്‍ സ്‌കാന്‍ ചെയ്തത് സെക്രട്ടേറിയറ്റിലെ തപാല്‍ സെക്ഷനില്‍ നിന്നല്ല, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന്റെ ഓഫീസില്‍ നിന്ന് നേരിട്ടാണെന്ന് ഈ-ഓഫീസ് രേഖകള്‍ പറയുന്നു. ഇതും ഫോര്‍മാറ്റ് ചെയ്താലേ മായ്ക്കാന്‍ സാധിക്കൂ. 8569196, 8569132 എന്നീ രണ്ട് correspondence നമ്പറുകളില്‍, ഈ രണ്ട് കത്തും ഒരേ ദിവസം, ഒരേ സമയത്താണ് സ്‌കാന്‍ ചെയ്ത് കയറ്റിയിരിക്കുന്നതെന്ന് കാണാം. 1/8/2024 ന് ഉച്ചക്ക് ശേഷം 3:16 മണിക്ക്. എത്രയും ബഹുമാനപ്പെട്ട ടൈം ട്രാവലര്‍ ഡോ. ജയതിലക് അവര്‍കള്‍ ഒന്ന് രണ്ട് മാസം ഭാവിയിലേക്ക് സഞ്ചരിച്ച് രേഖകള്‍ അറ്റാച്ച് ചെയ്യുകയായിരുന്നു സുഹൃത്തുക്കളേ.
എട്ടാം മാസം SCST വകുപ്പില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഡോ.ജയതിലകിനും ഗോപാലകൃഷ്ണനും ഒത്തിരി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതായിട്ടുണ്ടായിരുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു സമയ സഞ്ചാരം വേണ്ടി വന്നത്. മൂന്നാം മാസം കൃഷിവകുപ്പിലേക്ക് മാറിപ്പോയ എന്നെ തീര്‍ക്കുക എന്നത് എട്ടാം മാസത്തെ ഒരു പ്രധാന ടാസ്‌കായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
ഈ-ഓഫീസില്ലായിരുന്നെങ്കില്‍ ഈ രണ്ട് ഉദ്യോഗസ്ഥരുടെയും കര്‍മ്മ കുശലതയും അര്‍പ്പണമനോഭാവവും നാം അറിയാതെ പോയേനേ. ഇരുവരും ചേര്‍ന്ന് മാസങ്ങള്‍ ടൈം ട്രാവല്‍ ചെയ്തത് ഇപ്പോള്‍ നാട്ടുകാരെല്ലാവരും അറിഞ്ഞിരിക്കുന്നു. ഫേമസായി. ഒരു പക്ഷേ അവര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് അടുത്ത വര്‍ഷത്തെ ഏതെങ്കിലും മാസത്തിലായിരിക്കാം. ‘ഭരണഘടനയും ഈ-ഓഫീസുമില്ലാത്ത സുന്ദരമായ വാട്‌സാപ്-ലോകം’ എന്ന വിഷയത്തില്‍ ഭാവിയില്‍ ആരോ എവിടെയോ ഒരു സെമിനാര്‍ നടത്തുന്നുണ്ടത്രേ.
വാളെടുത്തവന്‍ വാളാലെ എന്നൊരു ചൊല്ലുണ്ട്. ഫയലെടുത്തവന്‍ ഫയലാലെ എന്നാക്കിയാല്‍ കുഴപ്പമുണ്ടോ? ഇതിനെ ഓള്‍ഡ് സ്‌കൂള്‍ ഫോര്‍ജ്ജറി (old school forgery) എന്ന് ദുഷ്ടന്മാര്‍ പറയും.
വാര്‍ത്തകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. മാതൃഭൂമി ഈ വാര്‍ത്ത സസ്‌നേഹം മുക്കാന്‍ ശ്രദ്ധിക്കുമല്ലോ.