കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കണം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ
വലിയൊരിടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട്, വൈ.എം.സി.എ ഹാളിൽ ചേർന്ന ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 മാസത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ സ്‌കൂളുകളിലെത്തുമ്പോൾ അവർക്ക് ഭയരഹിതരായി കടന്നുവരാനുള്ള സാഹചര്യം സ്‌കൂളുകളിൽ ഉണ്ടാകണം. കോവിഡ് കാലത്ത് സാമൂഹ്യബന്ധങ്ങളും പങ്കിടലുകളുമില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടികൾ വീണ്ടും പഠന അന്തരീക്ഷത്തിലേക്ക് എത്തുകയാണ്. ഭൗതികസാഹചര്യങ്ങൾക്കു പുറമെ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സ്‌കൂൾ തുറക്കൽ മാർഗരേഖയനുസരിച്ച് പൂർത്തീകരിക്കാത്ത പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ, ആർ.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തിൽ നിർവഹിക്കപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. കുട്ടികളുടെ സുരക്ഷ, വാഹനസുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂൾതല സുരക്ഷാ സമിതികൾക്ക് നേതൃത്വം നൽകുക, സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സെക്രട്ടറി അനിത ദമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ മെമ്പർമാർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പോലീസ്-എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എന്നിവരും കൂടിയാലോചനായോഗത്തിൽ പങ്കെടുത്തു.