വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി
പാറശാല നിയോജകമണ്ഡലത്തിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് സി കെ ഹരീന്ദ്രൻ എംഎൽഎ നിവേദനം സമർപ്പിച്ചത്.
പ്രധാനമായും പാറശാല നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങള്‍ ഉന്നയിച്ചാണ് എംഎൽഎ നിവേദനം നല്‍കിയത്. മലയോരമേഖലയായ അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലെ അഞ്ചു ചങ്ങല പ്രദേശത്തെ താമസക്കാർക്ക് പട്ടയം ലഭ്യമാക്കി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. എന്നാൽ വാഴിച്ചൽ വില്ലേജിൽ അഞ്ചുചങ്ങല മേഖലയിൽ ഉൾപ്പെട്ട പ്രദേശം റവന്യൂ രേഖകളിൽ വനം വകുപ്പിന് കീഴിലുള്ള ക്ലാമല-II റിസർവ് ഫോറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഈ പ്രദേശം 50 വർഷത്തിലധികമായി ജനങ്ങൾ അധിവസിക്കുന്നതും കാർഷികവൃത്തിയിൽ ഏർപ്പെട്ട് വരികയും ചെയ്യുന്ന മേഖലയാണ്. റവന്യൂ രേഖകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പ്രസ്തുത പ്രദേശത്തെ ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കി നൽകുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്. ആയത് എത്രയും വേഗം ലഭ്യമാക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശത്ത് 01.01.1977-ന് മുന്‍പ് കുടിയേറിയ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പതിച്ചു നല്‍കി പട്ടയം ലഭ്യമാക്കി ആയത് ക്രമപ്പെടുത്തണമെന്ന ആവശ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗത്തിൽ എൻ.ഒ.സി ലഭ്യമാക്കാമെന്ന് ഉറപ്പും നൽകി. കൂടാതെ നെയ്യാർ വന്യജീവി സങ്കേതം ഉൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും ചുറ്റുപാടും ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) നിര്‍ബന്ധമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ വിജ്ഞാപനങ്ങള്‍ എത്രയും വേഗത്തില്‍ പുറപ്പെടുവിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കൂടാതെ നെയ്യാർ ഡാമിൽ പ്രവർത്തിച്ചിരുന്ന ഏഷ്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് കേന്ദ്ര വനം വകുപ്പിന് കീഴിലുള്ള സെൻട്രൽ സൂ അതോറിറ്റി ലൈസൻസ് പുതുക്കി നൽകാത്തത് കാരണം അടച്ചു പൂട്ടുകയുണ്ടായി. അതോറിട്ടിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം 20 ഹെക്ടർ എങ്കിലും വേണം നിലവിലുള്ള നെയ്യാറിലെ പാർക്കിന് നാല് ഹെക്ടർ വിസ്തൃതിയേയുള്ളൂ അതാണ് അടച്ചു പൂട്ടുന്നതിന് പ്രധാന കാരണമായി മാറിയത്. നെയ്യാർ ഡാം ലയൺ സഫാരി പാർക്കിലേക്ക് കൂടുതൽ സിംഹങ്ങളെ കൊണ്ടുവരുവാനും പാർക്ക് തുറന്നു പ്രവർത്തിപ്പിക്കുന്നതിനും പലതവണ സംസ്ഥാന വനംവകുപ്പ് ഇടപെടൽ നടത്തിയെങ്കിലും കേന്ദ്ര മൃഗശാല അതോരിറ്റിയുടെ നിബന്ധനകൾ കാരണം പ്രസ്തുത ശ്രമം വിജയിച്ചില്ല.
ഇത് പുന:പരിശോധിച്ച് നെയ്യാർ ഡാം വന്യജീവി സങ്കേതത്തിന് കീഴിൽ ലയൻ സഫാരി പാർക്ക് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകുകയുണ്ടായി. ആയത് പരിശോധിക്കുവാനും ആവശ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്നും കേന്ദ്രവനം മന്ത്രി ഉറപ്പുനൽകി. നിയമസഭയിലെ വനം -പരിസ്ഥിതി – ടൂറിസം സബ്ജക്റ്റ് കമ്മിറ്റി അംഗങ്ങളായ എം.എല്‍.എമാരായ സണ്ണി ജോസഫ്, പി.എസ്. സുപാല്‍, എല്‍ദോസ് പി. കുന്നപ്പള്ളില്‍, നജീബ് കാന്തപുരം എന്നിവരും ഡീന്‍ കുര്യാക്കോസ് എം.പി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.