എനിക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷ..; ശ്രീവല്ലിയെ കുറിച്ച് രശ്മിക
അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ‘പുഷ്പ: ദ റൈസ്’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍ വരുമ്പോള്‍ തനിക്കും ദേശീയ അവാര്‍ഡ് ലഭിച്ചേക്കും എന്ന് പറഞ്ഞിരിക്കുകയാണ് നടി രശ്മിക മന്ദാന. ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുക്കവെയാണ് രശ്മിക തന്റെ പ്രതീക്ഷ പങ്കുവച്ചത്.
പുഷ്പ 2വിന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് രശ്മിക പ്രതികരിച്ചത്. അല്ലു അര്‍ജുന്‍ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നു എന്നാണ് രശ്മിക പറഞ്ഞത്. അതേസമയം, ഡിസംബര്‍ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയായത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.
അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്. ശ്രീവല്ലി എന്ന നായിക കഥാപാത്രമായാണ് രശ്മിക ചിത്രത്തില്‍ വേഷമിടുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.