
എനിക്ക് ഭയമുണ്ടായിരുന്നു, ആ സംഭവം ഞങ്ങളെയെല്ലാം മാറ്റി മറിച്ചു.. ശിക്ഷാ ഇളവ് ലഭിക്കുന്നതാക്കെ കാണുമ്പോള്‍ ഷോക്ക് ആണ്: പാര്‍വതി
ഫെമിനിസ്റ്റ് ടാഗുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ പ്രേക്ഷകരുമായുള്ള തന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു ഭയം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം തങ്ങളെയെല്ലാം മാറ്റിമറിച്ചു. എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.
ഡബ്ല്യുസിസി രൂപീകരിക്കുന്നത് വരെ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ഒരു അഭിനേതാവ് മാത്രമായിരുന്നു ഞാന്‍. എനിക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു, എന്റെ കൂടെ ഇരിക്കുന്നു, സെല്‍ഫി എടുക്കുന്നു. ഡബ്ല്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്ത അന്ന് മുതല്‍ പിന്നെ ആരും അധികം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഒരാളെ നിശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിയിലേക്ക് തള്ളിവിടുക എന്നതാണ്.
എന്റെ സിനിമകളുടെ കണക്ക് പരിശോധിച്ചാല്‍, വര്‍ഷത്തില്‍ ഏകദേശം രണ്ടെണ്ണമേ ഉണ്ടാകാറുള്ളൂ. എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ ഒരേ സമയം ഒരുപാട് സിനിമകള്‍ ഞാനൊരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാന്‍ ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്രത്തോളം മോശമാണെന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു.
ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എനിക്ക് ആശങ്കയില്ലായിരുന്നു. പ്രേക്ഷകരുമായുള്ള എന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു എന്റെ ഭയം. ഇപ്പോള്‍ പാര്‍വതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി, അങ്ങനെയൊക്കെയാണ്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇരട്ടിയോ അല്ലെങ്കില്‍ മൂന്നിരട്ടിയോ ശ്രമം നടത്തേണ്ടി വരും.
2017 ഫെബ്രുവരിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഞങ്ങളെയെല്ലാം മാറ്റിമറിച്ചു. എനിക്ക് ഇപ്പോഴും സങ്കടവും ദേഷ്യവുമൊക്കെയുണ്ട്. ആളുകള്‍ക്ക് ലഭിക്കുന്ന ശിക്ഷാ ഇളവൊക്കെ എനിക്ക് വളരെ ഷോക്കാണ്. എന്റെ ഇത്തരത്തിലുള്ള പേടികളും, അത്തരം പേടികളുള്ള മറ്റ് സ്ത്രീകളും ഒത്തുചേരുന്ന ഒരു സ്ഥലമായി ആ കൂട്ടായ്മ മാറി. അതൊരു പോഷകനദി പോലെയായിരുന്നു. നമ്മുടെ മുഖംമൂടികള്‍, ഉള്ളിലെ പുരുഷാധിപത്യം എല്ലാം അഴിച്ചുമാറ്റി.
അന്യായമുള്ള ഒരു തൊഴിലിടത്ത് ഞാന്‍ ഉണ്ടാകില്ല എന്ന തീരുമാനമാണ് ഏറ്റവും കൂടുതല്‍ ദൃഢമായത്. നീതിയും അന്തസുമാണ് ഏറ്റവും അടിസ്ഥാനപരമായി നമുക്ക് വേണ്ട കാര്യങ്ങള്‍. തുല്യവും സുരക്ഷിതവുമായ ഒരു തൊഴില്‍ അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അത് മാറിയിട്ടില്ല. പക്ഷേ, പോരാടുന്ന മനോഭാവം മാറി. എല്ലാത്തിനുമുപരി, എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്.