January 19, 2025

‘ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു’; അനുശോചനം അറിയിച്ച് മോഹൻലാൽ

Share Now

അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി അറിയിച്ച് മോഹൻലാൽ. ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നുവെന്നും എന്നും അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചുവെന്നും മോഹൻലാൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.

അതേസമയം പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം. തുടർന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.

കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കും. നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം. ഇന്നലെ രാത്രി തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു.

ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.

1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍
Next post വീഴുന്ന വീഡിയോ കണ്ട് ഉമ തോമസ് ഞെട്ടി; വാക്കറിന്റെ സഹായത്തോടെ 15 അടി നടന്നു; ആരോഗ്യനിലയില്‍ പുരോഗതി; എംഎല്‍എയെ റൂമിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍മാര്‍