March 27, 2025

ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്

Share Now

കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ മന്ത്രാലയം തുടക്കമിട്ട ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് മലപ്പുറത്ത് നിന്നുള്ള ഇന്റർവെൽ എന്ന എഡ്ടെക്ക് സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാർട്ടപ്പ് സംരഭമാണ് മലപ്പുറം അരീക്കോട് ആസ്ഥാനമായുള്ള ‘ഇന്റർവെൽ’.
വടക്കൻ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ളതും ഫിൻലൻഡിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ താംപരെയിലാണ് ‘എക്സ്പീരിയൻസ് താംപരെ’ എന്ന പേരിൽ ഈ മാസം 12 മുതൽ 16 വരെ ആഗോള ടെക്ക് സംഗമം നടന്നത്. യൂറോപ്പിലെ മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുള്ള നഗരം കൂടിയാണിത്.
നാലു ദിവസം നീണ്ട സമ്മേളനത്തിൽ ലോകത്തെ മികച്ച സ്റ്റാർട്ടപ്പ് മെന്റർമാരുമായും ആക്സിലറേറ്റർമാരുമായും ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതായി ഇന്റർവെൽ സ്ഥാപകൻ റമീസ് അലി പറഞ്ഞു. “നല്ല പിന്തുണയാണ് ലഭിച്ചത്. യുറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന് ഫിൻലൻഡ് സർക്കാരിന്റെ സഹായവും ലഭിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന ഫിൻലൻഡ് എഡ്ടെക്ക് പ്ലാറ്റ്ഫോമുകൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. ഇത് വിദേശ സംരംഭകർക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്,” റമീസ് പറഞ്ഞു.
എഡ്ടെക്ക് പ്ലാറ്റ്ഫോമുകൾ പിന്തുടരുന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്മായി വൺ-റ്റു-വൺ ലൈവ് ട്യൂട്ടറിങ് ആണ് ഇന്റർവെൽ പിന്തുടരുന്നത്. അധ്യാപകർ നേരിട്ട് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുകയും ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ നൽകുകയും ചെയ്യുന്ന സംവിധാനമാണിതെന്ന് റമീസ് പറഞ്ഞു. നിലവിൽ ഇന്റർവെൽ പ്ലാറ്റ്ഫോമിൽ നാലായിരത്തിലേറെ അധ്യാപകരുണ്ട്. 218 ജീവനക്കാരുമുണ്ട്. 30 രാജ്യങ്ങളിലായി 25000ലേറെ വിദ്യാർത്ഥികളുമുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് ആസ്ഥാനമായി കമ്പനി 2021ലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനകം തന്നെ 15 കോടി രൂപ വരുമാനം നേടി. യൂറോപ്പ് കേന്ദ്രീകരിച്ച് വിവിധ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണെന്നും റമീസ് അറിയിച്ചു.

One thought on “ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്

  1. Its superb as your other posts : D, appreciate it for putting up. “What makes something special is not just what you have to gain, but what you feel there is to lose.” by Andre Agassi.

Leave a Reply

Your email address will not be published. Required fields are marked *

Previous post എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു
Next post ഗ്ലാം സ്റ്റുഡിയോയുടെ പുതിയ സലൂൺ ആലുവയിൽ ആരംഭിച്ചു