
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ നിന്നും ശേഖരിച്ച വിരൽ അടയാളങ്ങളിലാണ് ഒന്ന് പോലും നിലവിൽ അറസ്റ്റ് ചെയ്ത പ്രതി ഷരീഫുൾ ഇസ്ലാമിന്റേതുമായി സാമ്യമില്ലാത്തത്.
എൻഡി ടിവി റിപ്പോർട്ട് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാന് വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റേത് ഇല്ലെന്ന് മുംബൈ പൊലീസിൽ നിന്നുള്ള വിവരത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സംസ്ഥാന സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ നടന്റെ വീട്ടിൽ നിന്ന് കൂടുതൽ വിരലടയാളം ശേകരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമുള്ളത്.
അതേസമയം സംഭവത്തിൽ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. താനും ഭാര്യ കരീനയും വേറെ മുറിയില്‍ ആയിരുന്നുവെന്നും ജോലിക്കാരി ബഹളം വച്ചതു കേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നുമാണ് സെയ്ഫ് പറഞ്ഞത്. തുടര്‍ച്ചയായി കുത്തിയതോടെ പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.
ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോള്‍ മകന്‍ കരയുകയായിരുന്നു. പ്രതിയെ താന്‍ മുറുകെ പിടിച്ചതോടെ അയാള്‍ കുത്തി. തുടര്‍ച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് പ്രതി കടന്നുകളഞ്ഞു എന്നാണ് സെയ്ഫിന്റെ മൊഴി. അതേസമയം, ജനുവരി 16ന് പുലര്‍ച്ചെ ആയിരുന്നു സെയ്ഫിനെതിരെ ആക്രമണം നടന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. കേസില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുള്‍ ഇസ്ലാമാണ് അറസ്റ്റിലായത്.
ബിജോയ് ദാസ്, വിജയ് ദാസ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഇയാള്‍ മുംബൈയില്‍ താമസിച്ചത്. പൊറോട്ട കഴിച്ചതിന് ശേഷം ഗൂഗിള്‍ പേ ചെയ്തതോടെയാണ് പൊലീസ് ഇയാളെ ട്രാക്ക് ചെയ്തത്. സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതില്‍, മകന്‍ ജേയുടെ മുറിയുടെ വാതില്‍ പിടി എന്നിവയില്‍നിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
അതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്.
എത്തുമ്പോള്‍ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തിയാണ്. കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്.