പതിനേഴുകാരനെ യുവാക്കൾ വളഞ്ഞിട്ടു മർദ്ദിച്ചതായി പരാതി .
മലയിൻകീഴ് : തിരുവനന്തപുരം തിരുമലയിൽ 17കാരനെ യുവാക്കൾ വളഞ്ഞിട്ടു മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു . തിരുമല തൈവിള പെരുകാവ് രോഹിണിയിൽ ബിനുകുമാറിന്റെ മകൻ അബിൻ(17)ന് ആണ് മർദനമേറ്റത്. മൊബൈലിൽ അസഭ്യം വിളിച്ചുള്ള വോയ്‌സ് മെസ്സേജ് അയച്ചു എന്നാരോപിച്ച് ആയിരുന്നു മർദ്ദനം എന്നാണു വിവരം.
എയർഫോർസിൽ ജോലി ചെയ്യുന്ന രാജേഷ്, രതീഷ് എന്നീ സഹോദരങ്ങളാണ് കുട്ടിയെ മർദിച്ചത് എന്നാണ് പിതാവ് ബിനുകുമാർ പോലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പ്രതികളുടെ ഫോണിലേക്ക് അസഭ്യം വിളിച്ച് വന്ന ശബ്ദ സന്ദേശം അബിൻ ആണ് അയച്ചത് എന്നാരോപിച്ചാണ് ഇരുവരും ചേർന്ന് മർദിച്ചത്. ബന്ധു വീട്ടിൽ ആയിരുന്ന അബിനെ പ്രതികൾ കൂട്ടികൊണ്ട് പോയി മർദിക്കുകയായിരുന്നു. താൻ അല്ല വോയിസ് സന്ദേശം അയച്ചത് എന്ന് കുട്ടി പറഞ്ഞെങ്കിലും ഇതിനെ ചൊല്ലി തര്‍ക്കവും അസഭ്യം വിളിയിലും എത്തി തുടർന്ന് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുന്നതും നിലത്ത് ഇട്ട് ചവിട്ടുന്നതും സംഭവ സ്ഥലത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. സംഭവം നടന്ന പരിസരത്ത് നിന്നവർ ചേർന്നാണ് ഇവരെ പിടിച്ചു മാറ്റിയത്. മർദനത്തിൽ പരിക്ക് പറ്റി ശ്വാസ തടസ്സം നേരിട്ട കുട്ടിയെ
മലയിൻകീഴ് മണിയറവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്തതായും നടപടി സ്വീകരിക്കുമെന്നും മലയിൻകീഴ് പോലീസ് പറഞ്ഞു.