December 2, 2024

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ ‘കാമ്രി’

Share Now

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് ഡിമാൻഡ് കൂടി വരുന്നതോടെ മിക്ക നിർമ്മാതാക്കളും പുത്തൻ മോഡലുകളും നിലവിലുള്ള മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളും എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ജാപ്പനീസ് വാഹന ഭീമനായ ടോയോട്ടയും ഇക്കാര്യത്തിൽ മുന്നിൽ തന്നെയാണ്. 2024 ഡിസംബർ 11-ന് ഇന്ത്യൻ വിപണിയിൽ പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിക്കാൻ സജ്ജമാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). പ്രാദേശിക അസംബ്ലി ലൈനുകളിൽ ഇപ്പോൾ എത്താൻ സജ്ജമായ 2025 ടൊയോട്ട കാമ്രി നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അതിൻ്റെ ഒമ്പതാം തലമുറയിലാണ് എത്തുന്നത്.

പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളുമെല്ലാം ഉൾപ്പെടുത്തി അകത്തും പുറത്തും നിരവധി മാറ്റങ്ങൾ പുത്തൻ കാമ്രിയിൽ വരുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ പുതിയ തലമുറ കാമ്രിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികൾ ഒന്നും തന്നെ നിലവിൽ ഉണ്ടാകില്ല. എന്നിരുന്നാലും വരാനിരിക്കുന്ന പുതിയ സ്‌കോഡ സൂപ്പർബ് ഇതിനെ നേരിടാൻ സാധ്യതയുണ്ട്. 2025ൽ സൂപ്പർബ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. പുതിയ ടൊയോട്ട കാമ്രിക്ക് 4,920 എംഎം നീളവും 1,840 എംഎം വീതിയും 1,455 എംഎം ഉയരവും കാര്യമായ 2,825 എംഎം വീൽബേസും 500 ലിറ്റർ ബൂട്ട് സ്പെയ്സും ഇതിന് ലഭിക്കുന്നു.

ഇന്റർനാഷണൽ വിപണിയിൽ പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, സിൽവർ മെറ്റാലിക്, പ്രെഷ്യസ് മെറ്റൽ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, ഇമോഷണൽ റെഡ് 3, പ്രെഷ്യസ് ബ്രോൺസ്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ ഒമ്പത് കളർ ഓപ്ഷനുകളിലാണ് ഇത് വിപണയ്ക്ക് എത്തുക. അതോടൊപ്പം ഫ്രോമേജ്, ബ്ലാക്ക്, യെല്ലോ ബ്രൗൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തീമുകളിൽ കാമ്രിയുടെ ക്യാബിനും ലഭ്യമാണ്. പുതുക്കിയ ഡിസൈനിൽ വാഹനത്തിന് ഷാർപ്പർ എൽഇഡി ഹെഡ്‌ലൈറ്റുകളും ‘C’ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമായി വരുന്ന സ്ലീക്ക് ഫ്രണ്ട് ഫാസിയ ലഭിക്കും. കൂടെ C ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും വാഹനത്തിൽ വരുന്നുണ്ട്. റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ എയർ ഇൻലെറ്റുകൾ, പുതിയ ഡിസൈൻ സ്റ്റൈലിൽ വരുന്ന 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയാണ് പുത്തൻ മോഡലിലെ മറ്റ് പ്രധാന അപ്ഡേറ്റുകൾ.

ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോർ 134 ബിഎച്ച്പി പവറും 208 എൻഎം ടോർക്കും സൃഷ്ടിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 185 ബിഎച്ച്പി പവറും 3,200 മുതൽ 5,200 ആർപിഎമ്മിൽ 221 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. അങ്ങനെ രണ്ട് പവർ സോഴ്സുകളും ചേർന്ന് ഈ ഹൈബ്രിഡ് സിസ്റ്റം 228 ബിഎച്ച്പി പവർ സംയുക്തമായി ഉൽപ്പാദിപ്പിക്കുന്നു. e-CVT ഗിയഡബോക്സ് വഴി ഫ്രണ്ട് വീലുകളിലേക്ക് ഈ പവർ കൃത്യമായി കൈമാറും. മണിക്കൂറിൽ 180 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്. മൈലേജ് ലിറ്ററിന് 19.6 കിലോമീറ്ററാണ്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഒമ്പത് സ്പീക്കർ JBL ഓഡിയോ സിസ്റ്റവും ഇതിൽ വരുന്നുണ്ട്. കൂടാതെ ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, കൂടുതൽ നൂതനമായ ADAS സേഫ്റ്റി സ്യൂട്ട്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ലെതർ അപ്‌ഹോൾസ്റ്ററി, എട്ട് എയർബാഗുകൾ എന്നിവയുൾപ്പടെ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റാണ് കാമ്രിയിലുള്ളത്.

ഇന്ത്യയിൽ കാമ്രി ഹൈബ്രിഡ് നിലവിൽ 46.20 ലക്ഷം ​​രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. എന്നാൽ വരാനിരിക്കുന്ന സെഡാന് വില വർദ്ധന ലഭിക്കാൻ സാധ്യതയുണ്ട്. 45.00 – 55.00 ലക്ഷം വരെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട’; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്
Next post പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ