ഡിസംബറിൽ വൻ ഡിസ്‌കൗണ്ടിൽ കാർ വാങ്ങരുത്! കാരണമുണ്ട്
നല്ല ഒരു വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിലും അത് വിലക്കുറവിൽ കിട്ടുകയാണെങ്കിൽ അത്രയും നല്ലത് എന്ന് ആലോചിക്കുന്നവരാണ് സാധാരണക്കാരിൽ പലരും. വർഷാവസാനം ആളുകളെ ആകർഷിക്കാൻ വേണ്ടി കാർ ഡീലർഷിപ്പുകൾ കിടിലൻ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യാറുമുണ്ട്. എന്നാൽ തങ്ങളുടെ യാർഡുകളിൽ അവശേഷിക്കുന്ന വാഹനങ്ങൾ വിൽക്കാൻ വേണ്ടിയാണ് ഡീലർമാർ വൻ ഡിസ്‌കൗണ്ടിൽ വാഹനങ്ങൾ ഓഫർ ചെയ്യുന്നത്. പുതിയ മോഡലുകൾക്ക് ഇടം നൽകുക എന്നതാണ് ഇതിന് പിന്നിലെ കാരണം.
ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി റിവാർഡുകൾ, സ്‌ക്രാപ്പേജ് ബെനഫിറ്റുകൾ എന്നിങ്ങനെ നിരവധി അനൂകൂല്യങ്ങളാണ് ഈ സമയത്ത് വാഗ്ദാനം ചെയ്യാറുള്ളത്. ആയിരങ്ങളിൽ തുടങ്ങി ചില കാറുകൾക്ക് ലക്ഷങ്ങൾ വരെ കിഴിവുകളും ലഭിക്കും. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ജീപ്പ് തുടങ്ങിയ കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ലക്ഷങ്ങളുടെ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കിഴിവുകൾ കാരണം ഉപഭോക്താക്കൾക്ക് വലിയൊരു തുക ലാഭിക്കാൻ സാധിക്കുമെങ്കിലും ഇയർ എൻഡ് ഓഫറിൽ കാർ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ച് വേണം വാങ്ങാൻ.
മോഡൽ വർഷം മാറുന്നതാണ് വണ്ടിക്കമ്പനികളും ഡീലർമാരും കാറുകൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കാനുള്ള പ്രധാന കാരണം. ഇത് കാലക്രമേണ വാഹനത്തിന്റെ മൂല്യത്തെ ബാധിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ നിർമ്മിക്കുന്ന കാറുകൾ മോഡൽ ഇയർ മാറുന്നത് കാരണം ജനുവരിയിൽ സാങ്കേതികമായി ഒരു വർഷം പഴക്കമുള്ളതായി കണക്കാക്കും. ഈ ധാരണ ഉപഭോക്താക്കളുടെ കണ്ണിൽ മുൻ വർഷത്തെ മോഡലുകളുടെ വിപണി മൂല്യവും ആകർഷകത്വവും കുറയ്ക്കും. മാത്രമല്ല, അവയുടെ റീസെയിൽ വാല്യുവിനെ ബാധിക്കുകയും ചെയ്യുന്നു.
അതായത്, 2024 ഡിസംബറിൽ നിർമ്മിച്ച ഒരു കാർ പുതിയതാണെങ്കിൽ പോലും 2025 ജനുവരിയിൽ ഒരു വർഷം പഴക്കമുള്ളതായാണ് കണക്കാക്കുക. ഈ മൂല്യത്തകർച്ച കാറിന്റെ റീസെയിൽ മൂല്യത്തെ കാര്യമായി ബാധിക്കും. ഒരു വാഹനം ഡീലർഷിപ്പ് വിട്ടുകഴിഞ്ഞാൽ അതിന്റെ മൂല്യം ഗണ്യമായി കുറയുകയാണ് ചെയ്യുക. ഒരാൾ ഇയർ എൻഡ് ഓഫറിൽ വർഷാവസാനം വാങ്ങിയ ഒരു കാർ അടുത്ത വർഷം വിൽക്കാൻ തീരുമാനിച്ചാൽ വണ്ടി വാങ്ങിയിട്ട് ഒരു വർഷത്തിൽ താഴെയാണെങ്കിലും അടുത്ത വർഷം കാർ രണ്ട് വർഷം പഴക്കമുള്ളതായി കണക്കാക്കാം. ഇക്കാരണത്താൽ കാറിന്റെ റീസയിൽ മൂല്യം കുത്തനെ ഇടിയും. ചിലപ്പോൾ 2 ലക്ഷം രൂപ വരെ കുറയാനും സാധ്യതയുണ്ട്. വൻ ഡിസ്‌കൗണ്ടിൽ കാർ വാങ്ങുന്നത് തുടക്കത്തിൽ വലിയ ലാഭമായി തോന്നാമെങ്കിലും ഇതും കൂടി മനസ്സിൽ കണ്ട് വലിയ സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കേണ്ടി വരും.
വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ ( VIN) ഓരോ വാഹനത്തിനും നൽകിയിട്ടുള്ള ഒരു പ്രത്യേക കോഡാണ്. ഈ കോഡിൽ വാഹനം നിർമ്മിച്ച വർഷവും മാസവും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഉൾകൊള്ളുന്നു. VIN-ന്റെ 10, 11 പ്രതീകങ്ങൾ പരിശോധിച്ചാൽ അതിന്റെ നിർമ്മാണ വിവരങ്ങൾ കൃത്യമായി നിർണയിക്കാനാകും. വർഷാവസാനം വണ്ടി വാങ്ങാൻ തീരുമാനിക്കുന്നവർ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.
തുടക്കത്തിലെ ചെലവ് കുറയ്ക്കുമെങ്കിലും വാഹനത്തിന്റെ ഗണ്യമായ മൂല്യത്തകർച്ചയ്ക്കും കുറഞ്ഞ പുനർവിൽപ്പന മൂല്യത്തിനും ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിനാൽ VIN ഉപയോഗിച്ച് കാറിന്റെ നിർമ്മാണ തീയതി പരിശോധിച്ച് ശരിയായ തീരുമാനമെടുക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
മാരുതി സുസുക്കി, ഹ്യൂണ്ടായ്, മഹീന്ദ്ര, നിസാൻ, എംജി മോട്ടോർ, ഔഡി ഇന്ത്യ, ബിഎംഡബ്ല്യു ഇന്ത്യ, മെർസിഡീസ് ബെൻസ് എന്നിവയുൾപ്പെടെ നിരവധി കാർ നിർമ്മാതാക്കൾ ജനുവരി മുതൽ കാറുകളുടെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഇയർ എൻഡ് ഓഫറിൽ കാർ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്. ദീർഘകാലം ഉപയോഗിക്കാൻ വേണ്ടിയാണ് കാർ വാങ്ങുന്നത്, റീസെയിൽ വാല്യൂ പ്രശ്നമില്ല എന്നാണ് നിങ്ങളുടെ മനസിലെങ്കിൽ ഇയർ എൻഡ് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.