കടിഞ്ഞൂൽ കണ്മണികൾ ഒരുമിച്ചു സ്‌കൂളിലേക്ക്
മാറനല്ലൂർ:
ഒറ്റപ്രസവത്തിലെ മൂന്നു കണ്മണികൾ ഒരുമിച്ചു തന്നെ ഒരേക്ളാസിലേക്ക് കടക്കുകയാണ്.അരുവിക്കര വടക്കേവിള ചിത്രാലയത്തിൽ രതീഷ് ചിത്ര ദമ്പതികളുടെ കടിഞ്ഞൂൽ കൺമണികളായ ആത്മീക രതീഷ്, ആത്മീയ രതീഷ്, അത്ഥർവ്വ് ദേവ് എന്നിവർ പിറവിയിലും വാർത്തയിൽ നിറഞ്ഞവരായിരുന്നു.ആറ്റിങ്ങലിലെ സ്വകര്യ ആശുപത്രിയിൽ ചിത്രക്കും രതീഷിനും കടിഞ്ഞൂൽ കണ്മണികളായി മൂന്നുപേരെ കിട്ടിയതാണ് അന്ന് വാർത്തയായത്. ഇപ്പോൾ വിദ്യാലയത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ആണ് ഇവർ ഇന്നാട്ടിൽ താരമാകുന്നത്. കൊറോണ കാലത്തു സ്‌കൂളിൽ ഓണ്ലൈൻ ആയി ആണ് ഇവർ നഴ്‌സറി പഠനം നടത്തിയത്. ഇത്തവണ സ്‌കൂളിൽ നേരിട്ട് പോകുന്ന ആകാംക്ഷയിലും ഉത്സാഹത്തിലുമാണ് മൂവരും. മൊബൈലിലൂടെ കണ്ട കൂട്ടുകാരെ ഇനി നേരിൽ കാണാമെന്ന സന്തോഷവും ഇവർക്കുണ്ട്. കൂട്ടത്തിൽ വീട്ടിലെ ശ്രീകുട്ടനായ അത്ഥർവ്വ് ആണ് കുസൃതിയും അൽപ്പം വാശിക്കാരനും എന്നാൽ പുറത്തേക്കിറങ്ങിയാൽ കുഞ്ഞാറ്റയുടെയും കാർത്തുവിന്റെയും വല്യേട്ടൻ ആകും ഇവൻ.
ആദ്യമായി സ്‌കൂളിലേക്ക് പോകാനായി ചൊവാഴ്ച ബാഗുൾപടെ എല്ലാം വാങ്ങി എത്തി സ്വീകരണ മുറിയിൽ ഇരുന്നു ഓൺലയിനിൽ പഠിച്ച അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചു നോക്കി.പിന്നെ അവരവർക്കുള്ള പുസ്തകങ്ങളും പെൻസിലും കളറും ബോക്‌സും ഒക്കെ ബാഗിലാക്കി തോളിൽ അണിഞ്ഞു നോക്കി.ബാഗ് തോളിലേറ്റാൻ പരസ്പരം സഹായിച്ചു. പിന്നെ പുറത്തേക്കിറങ്ങി ഈ സമയം അവിടേക്ക് വന്ന വാർഡ് അംഗം ഷിബുവിന് ടാറ്റ നൽകി സന്തോഷം പങ്കുവച്ചു.
പിന്നെ ബാഗെല്ലാം തിരികെ വച്ചു മുറ്റത്തേക്ക് കളിക്കാനായി മൂവരും ഓടി.
കുസൃതികളും തല്ലുപിടിയും ഒക്കെയായി മക്കളുടെ പുറകെ ഓടി നിന്നു തിരിയാൻ സമയമില്ല ചിത്രക്ക്.ഇതിനിടെ ഇവരെ പിടിച്ചിരുത്തി പഠന കാര്യങ്ങൾ എല്ലാം വീട്ടമ്മയായ ചിത്ര തന്നെയാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ മാർച്ച് 18നായിരുന്നു മൂന്നുപേരുടെയും ആറാം പിറന്നാൾ. സൈനികനായ രതീഷ് മക്കളെ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. വീടിനു കുറച്ചകലെയായുള്ള സ്വകാര്യ സ്‌കൂളിലാണ് മൂവരെയും ഒന്നാം ക്ലാസിൽ ചേർത്തിരിക്കുന്നത്.ഇനി സ്കൂളിലെയും താരങ്ങളാണ് ഈ കുസൃതികൾ.