October 10, 2024

ചെറുകിട സംരംഭകർക്കായി കെ‌ എഫ് സി ബിൽ ഡിസ്‌കൗണ്ടിങ് പദ്ധതി.

Share Now

സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്‌ (എം എസ് എം ഇ) പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുന്നതിനുമുള്ള പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിക്കുന്നു.

സർക്കാർ വകുപ്പുകൾ/ ഏജൻസികൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന പർച്ചേസ് ഓർഡറുകൾ കെ‌ എഫ് സി യിൽ സമർപ്പിച്ചാൽ, ഓർഡർ തുകയുടെ 75% വരെ വായ്പയായി ലഭിക്കും. പർച്ചേസ് ഓർഡർ തീർക്കാനുള്ള സമയം, ഓർഡർ നൽകുന്ന അതോറിറ്റിയിൽ നിന്ന് ഫണ്ട് ലഭിക്കുന്ന കാലയളവ് എന്നിവ അനുസരിച്ചായിരിക്കും വായ്പയുടെ തിരിച്ചടവ് കാലാവധി തീരുമാനിക്കുക.

വാർഷിക പലിശ നിരക്ക് സംരംഭത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് അനുസരിച്ചു ആയിരിക്കും. കോവിഡിന് മുൻപുള്ള ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനമാക്കിയാ യിരിക്കും ക്രെഡിറ്റ് റേറ്റിംഗ് നടത്തുക.

പർച്ചേസ് ഓർഡർ നൽകുന്ന അതോറിറ്റി ബിൽ അംഗീകരിച്ചുകഴിഞ്ഞാൽ, ബിൽ തുകയുടെ 90% വരെ ഡിസ്‌കൗണ്ട് ചെയ്തു വായ്പയായി ലഭിക്കും. അന്തിമ ബില്ലുകൾ യാതൊരു ഈടുമില്ലാതെ ഡിസ്കൗണ്ട് ചെയ്യാവുന്നതാണ്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വർക്ക് ഓർഡറുകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിൽ അവർ തടസ്സങ്ങൾ നേരിടുന്നത് തുടരുന്നു. കൂടാതെ സമർപ്പിച്ച ബില്ലുകളിൽ പണം ലഭിക്കാൻ താമസം നേരിടുന്നത് അവരെ പ്രതിസന്ധിയിലാക്കുന്നു. എം എസ് എം ഇ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പുതിയ പദ്ധതി ഉചിതമായിരിക്കും.

പദ്ധതിയിൽ വായ്പ ലഭിക്കാൻ എം എസ് എം ഇ യായി രജിസ്റ്റർ ചെയ്തിരിക്കണം. ജി എസ് റ്റി രജിസ്ട്രേഷനും ബാലൻസ് ഷീറ്റും വേണം. ജി എസ് റ്റി രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട എം എസ് എം ഇ കൾക്ക് ഇത് ബാധകമല്ല. അനുമാന അടിസ്ഥാനത്തിൽ ആദായനികുതി അടയ്ക്കുകയാണെങ്കിൽ ബാലൻസ് ഷീറ്റ് വേണ്ട.

അഞ്ച് വർഷത്തെ കാലാവധിയോടെ ഒരു ലിമിറ്റ് പോലെയായിക്കും വായ്പ അനുവദിക്കുക. ഇതിൽ ഗ്യാരണ്ടികൾ, പർച്ചേസ് ഓർഡർ വായ്പ, ബിൽ ഡിസ്കൗണ്ടിംഗ്, സർക്കാർ പ്രോമിസറി നോട്ട് ഡിസ്കൗണ്ടിംഗ്, ഉപകരണങ്ങൾ വാങ്ങാനുള്ള വായ്പ മുതലായ സൗകര്യങ്ങൾ ഉണ്ടാകും.

കമ്പനികൾക്കും രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്കും 20 കോടി രൂപ വരെയും മറ്റുള്ളവർക്ക് 8 കോടി രൂപ വരെയും ലഭിക്കും. സർക്കാർ പ്രോമിസറി നോട്ട് ഡിസ്‌കൗണ്ട്, ബാങ്ക് ഗ്യാരണ്ടി എന്നിവ 50 കോടി രൂപ വരെ ലഭിക്കും.

വയ്പ്പാലിമിറ്റിന്റെ കാലാവധി അഞ്ച് വർഷമാണ്. ഇതിൽ സംരംഭകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉടനടി ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംരംഭകരുടെ ആവശ്യങ്ങൾ മനസിലാക്കി ഈ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ നടപ്പിലാക്കും. കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് ജൈവ അരിമേള സംഘടിപ്പിക്കുന്നു.
Next post രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു