മലയാളിയുടെ ഇ-സ്കൂട്ടർ; ഒറ്റ ചാർജിൽ 220 കിലോമീറ്റർ
ഇലക്ട്രിക്ക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ സജ്ജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഇലക്ട്രിക്ക് വാഹന രംഗത്ത് പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് മലയാളികൾ വികസിപ്പിച്ച ഇ-സ്കൂട്ടർ. ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ഉടൻ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആലപ്പുഴ കായംകുളം സ്വദേശി അഖിൽ രാജും സുഹൃത്ത് അനന്തു സുനിലും. വൈദ്യുത വിഭാഗത്തിൽ ഏറ്റവും മൈലേജുള്ള വാഹനമാണിത്. ഈ വാഹനത്തിന്റെ മൂന്ന് വേരിയെന്റുകളാണ് വിപണയിൽ എത്തിക്കുന്നത്.
മെക്കാനിക്കൽ എൻജിനീയറായ അഖിലാണ് ഈ സ്കൂട്ടറിന് പിന്നിൽ പ്രവർത്തിച്ചത്. 2017 ൽ ബംഗളുരു ആസ്ഥാനമായി അഖിൽ ‘ഫ്‌ളയർ ടെക്ക്’ എന്ന വെഹിക്കിൾ സർവീസ് സംരംഭത്തിന് രൂപം നൽകി. ഹാർലി ഡേവിഡ്സൺ മുതൽ എല്ലാ ഇരു ചക്രവാഹനങ്ങളും സർവീസ് നൽകുന്ന ഫ്‌ളയർ ടെക്ക് ഇന്ത്യയിലെ തന്നെ മുൻ പന്തിയിൽ നിൽക്കുന്ന സർവീസ് കമ്പനികളിൽ ഒന്നാണ്.
2020ലാണ് അഖിൽ ടി.എക്‌സ്.9റോബോ(tx9robo) എന്ന ആശയം തന്റെ സുഹൃത്തായ അനന്തു സുനിലുമായി ചേർന്ന് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോഴും വൈദ്യുത വാഹന മേഖലയിലെ വിപണി സാധ്യത മുന്നിൽ കണ്ട് അഖിലിന്റെ സ്വപ്‌ന പദ്ധതിയിലേക്ക് ഗ്യാലക്‌സി ഗ്രൂപ്പ് ചെയർമാൻ സുനിൽകുമാർ പിന്തുണ നൽകി. ശേഷം ടി.എക്‌സ്.9റോബോയുടെ ഇൻഫ്രാസ്ട്രക്ച്ചർ കർണാടകയിൽ ഡെവലപ്പ് ചെയ്യുകയും ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനികളിൽ ചുമതല വഹിച്ചിരുന്നവർ ടി.എക്‌സ്.9റോബോയുടെ ഭാഗമാവുകയുമായിരുന്നു.
ഇന്ന് ഒരു മാസത്തിൽ 1200 ലധികം വാഹനങ്ങൾ വിപണിയിലെത്തിക്കാൻ തക്ക ശേഷി ടി.എക്‌സ്.9റോബോ വാഹന നിർമ്മാണ മേഖല നേടി കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടു അഞ്ച് ലക്ഷം ചതുരശ്ര അടി ഇൻഫ്രാസ്ട്രക്ച്ചർ സവിശേഷതയോടെ ബെംഗളൂരു ആസ്ഥാനമായി അസംബ്ലിയൂണിറ്റും കമ്പനിയും പടുത്തുയർത്താനുള്ള പദ്ധതികളുണ്ട്. വാഹനം ചാർജ് ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും ബാറ്ററി സ്വേപ്പിംഗ് സ്റ്റേഷനുകളും ഉടൻ ആരംഭിക്കുന്നുണ്ട്. ഇത് വാഹനം ചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി പകരം ബാറ്ററി സ്വേപ്പിംഗ് ടെക്‌നോളജിയിലൂടെ പുതിയ ബാറ്ററികൾ വാഹനത്തിൽ യാത്രാ സമയം ലഘൂകരിക്കാൻ സഹായിക്കും
നിലവിൽ വാഹനത്തിന്റെ മൂന്ന് വേരിയെന്റുകളാണ് വിപണിയിൽ എത്തിക്കുക. ടി.എക്‌സ്.9 250, ടി.എക്‌സ്.9 350, ടി.എക്‌സ്.9 450 തുടങ്ങിയ വേരിയന്റുകളാണ് പുറത്തിറക്കുന്നത്. 55,000 രൂപയാണ് ബേസ് വേരിയന്റിന്റെ വില.
എല്ലാത്തരത്തിലുമുള്ള ഉപഭോക്താക്കളെയും മുന്നിൽ കണ്ട് വാഹനത്തിന്റെ വേരിയന്റുകളും അതോടൊപ്പം അവയുടെ ഇന്റീരിയലുകൾക്കും പ്രാധാന്യം നൽകിയാണ് ടി.എക്‌സ്.9റോബോ ബൈക്കുകൾ നിർമ്മിക്കുന്നത്. മാത്രമല്ല, ഓരോ ആറുമാസത്തിനിടയിലും വാഹനങ്ങളുടെ മോഡൽ അപ്‌ഡേറ്റ് ചെയ്യാനും പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്.