മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി
മുസ്ലീം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി വിധി. മുസ്ലീം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങൾക്ക് അനുമതി നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതിയുടെ വിധിപ്രസ്താവം. തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി താനെ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
അൾജീരിയൻ സ്വദേശിയുമായിട്ടുള്ള മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയാണ് ഹർജിക്കാരൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെ സമീപിച്ചത്. മൂന്നാം വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ അധിക്യർക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം.
മഹാരാഷ്ട്ര വിവാഹ രജിസ്ട്രേഷൻ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്ടർ ചെയ്യാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ അധികൃതർ അപേക്ഷ തള്ളിയത്. എന്നാൽ മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങൾ ആവാമെന്നും വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ ഇത് പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതേ അധികൃതർ തന്നെ ഹർജിക്കാരന്റെറെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്‌ത് നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അപേക്ഷകർ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോർപ്പറേഷൻ്റെ മറ്റൊരു വാദം. ഈ രേഖകൾ എത്രയും പെട്ടന്ന് ഹാജരാക്കാൻ കോടതി ഹർജിക്കാരനോട് നിർദേശിച്ചു. രേഖകൾ കിട്ടിയാൽ ഇവ പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കോടതി താനേ കോർപ്പറേഷന് നിർദേശം നൽകി.