November 5, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി

Share Now

കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ ചികിത്സയൊരുക്കുകയുമാണ് പുതിയ സെന്ററിലൂടെ ശ്രമിക്കുന്നതെന്ന് ചെയർമാൻ ഡോ. അഗസ്റ്റിൻ മുള്ളൂർ പറഞ്ഞു. 135 വർഷങ്ങൾക്ക് മുൻപ് കോളറ അടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ഫലപ്രദമായ ചികിത്സ ജനങ്ങൾക്ക് നൽകുന്നതിനുമുള്ള ചികിത്സാ കേന്ദ്രമായാണ് സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ആരംഭിക്കുന്നത്.
കാൻസർ ചികിത്സാ രംഗത്തെ നൂതന ചികത്സാരീതികൾ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിലെ പുതിയ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സർജറി, കഴുത്തിലും നെഞ്ചിനോട് ചേർന്നും കാണപ്പെടുന്ന കാൻസർ സംബന്ധിയും അല്ലാത്തതുമായ മുഴകൾ നീക്കം ചെയ്യാൻ സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന സ്‌കാർലെസ് തൈറോയ്‌ഡെക്‌ടമി,

കാൻസറിൽ നിന്നുള്ള സംരക്ഷണത്തിനായി കൈകാലുകൾ, ശ്വാസനാളം, നാവ്, താടിയെല്ലുകൾ എന്നിവയ്ക്കായുള്ള സർജറികൾ, ടോട്ടൽ പെരിറ്റോനെക്ടമിയും HIPEC (Hyperthermic intraperitoneal chemotherapy) യും ഉൾപ്പെടെയുള്ള അതിനൂതന സർജറികളും അത്യാധുനിക ചികിത്സയും ഉറപ്പാക്കുന്ന ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം, ഗ്യാസ്ട്രക്ടോമി – കോളക്റ്റോമി – റെക്ടൽ & പാൻക്രിയാറ്റിക് ശസ്ത്രക്രിയകൾ , അന്നനാള ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടുന്ന ഗ്യാസ്ട്രോഎൻട്രോളജി കാൻസർ വിഭാഗം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമെ, ശ്വാസകോശ അർബുദ ശസ്ത്രക്രിയകളും ചികിത്സയും, ജനിതക പ്രൊഫൈലിംഗ്, ഇമ്മ്യൂണോതെറാപ്പി എന്നിവയും പുതിയ കേന്ദ്രത്തിൽ ലഭ്യമാണ്. എവിഡൻസ് ബേസ്ഡ് ഓങ്കോളജി ന്യൂട്രീഷൻ വഴി വേദന രഹിതമായ ന്യൂട്രോപീനിയ പ്രിവന്റഡ് കീമോതെറാപ്പി സാധ്യമാക്കുന്ന ചികിത്സാ സംവിധാനവും ലഭ്യമാണ്. വായിലെ അൾസർ, രക്തസ്രാവം, ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഫംഗസ് അണുബാധ തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നതാണ് പ്രധാന നേട്ടം.
കാൻസർ രോഗികളുടെ വർധനവും അതുനനുസരിച്ചുള്ള ചികിത്സ സൗകര്യങ്ങളുടെ അഭാവവും പരിഹരിക്കുന്നതിനായാണ് ഇത്തരത്തിൽ പുതിയ കാൻസർ സെന്റർ ഹോസ്പിറ്റൽ ആരംഭിക്കുന്നതെന്ന് ഡോ. അഗസ്റ്റിൻ മുള്ളൂർ പറഞ്ഞു. രാജ്യത്തെ മുൻനിര സർജിക്കൽ ഓങ്കോളജിസ്റ്റും സ്കാർലെസ് തൈറോയ്‌ഡ് – ബ്രെസ്റ്റ് പ്രിസർവേഷൻ സർജറികൾ, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ തടയാനുള്ള എവിഡൻസ് അധിഷ്ഠിത ന്യൂട്രീഷൻ എന്നീ മേഖലകളിലെ അതുല്യ നേട്ടങ്ങളുടെ പേരിൽ പ്രശസ്തനുമായ ഡോ. തോമസ് വർഗീസിന്റെ മേൽനോട്ടത്തിലാണ് കാൻസർ സെന്ററിന്റെ രൂപീകരണവും ചികിത്സാ പ്രോട്ടോകോളും എന്ന് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ഡയറക്ടർ ഫാ.ലാല്‍ജു പോളാപ്പറമ്പില്‍ പറഞ്ഞു.

ലോകത്തെ പ്രശസ്തമായ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ 30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ആളാണ് ഡോ. തോമസ് വർഗീസ്. ന്യൂയോർക്ക് MSKCC, എംഡി ആൻഡേഴ്സൺ കാൻസർ സെൻ്റർ ഹൂസ്റ്റൺ, വാഷിങ്ടൺ കാൻസർ സെൻറർ, ടോക്കിയോ ജുൻടെൻഡോ യൂണിവേഴ്‌സിറ്റി, മുംബൈയിലെ ടാറ്റ മെമ്മോറിയൽ കാൻസർ സെൻ്റർ എന്നിവിടങ്ങളിൽ ഡോ. തോമസ് പ്രവർത്തിച്ചിട്ടുണ്ട്. 2023ലെ ഇന്ത്യൻ കാൻസർ കോൺഗ്രസിൽ ഏറ്റവും കൂടുതൽ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്.
കേരളത്തിലെ മുൻനിര കോളേജുകളിലൊന്നായ എറണാകുളം സെൻ്റ് തെരേസാസ് കോളേജുമായി സഹകരിച്ചുള്ള ഒരു ന്യൂട്രീഷൻ റിസർച്ച് സെന്ററും പുതിയ കേന്ദ്രത്തിലുണ്ട്. അരി, ഗോതമ്പ്, മൈദ എന്നിവയുടെ ഉപയോഗം കുറച്ച് പരമ്പരാഗത ഭക്ഷണങ്ങളായ ചക്ക, ചേന, വാഴപ്പൂവ്, അവിയൽ, തോരൻ എന്നിവയ്ക്ക് പ്രാധാന്യമുള്ള പോഷകാഹാര തെറാപ്പിയിലൂടെ കേരളത്തിലെ കാൻസർ നിയന്ത്രണ വിധേയമാക്കാൻ സഹായകമായ ഗവേഷണവും ക്ലിനിക്കൽ പഠനങ്ങളും ക്ലിനിക്കൽ ന്യൂട്രീഷൻ വകുപ്പ് നടത്തും.
”ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 2040 ഓടെ 20 ലക്ഷമായി വർധിക്കും. നിലവിൽ 14 ലക്ഷമാണത്”- ലാൻസെറ്റ് കാൻസർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഡോ. തോമസ് വർഗീസ് പറയുന്നു. 2021- 22 ലെ ഡാറ്റ പ്രകാരം തിരുവനന്തപുരം റീജനൽ കാൻസർ സെൻ്ററിൽ ഓരോ വർഷവും പുതുതായി 14,183 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവിൽ റിവ്യൂവിലുള്ള 211,778 കേസുകൾക്ക് പുറമെയാണിത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് കാൻസർ രോഗികളിൽ 80% ത്തോളം പേർക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ 25% രോഗികൾക്ക് മാത്രമേ അതിനുള്ള സൗകര്യം ലഭ്യമാകുന്നുള്ളൂ. നേരത്തേ തിരിച്ചറിഞ്ഞ് യഥാസമയം ശസ്ത്രക്രിയ ഉറപ്പാക്കുന്നതിലൂടെ വലിയൊരളവു വരെ രോഗവിമുക്തി സാധ്യമാക്കാൻ കഴിയും – ഡോ. തോമസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്‌
Next post ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി