November 8, 2024

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി.മുരളീധരൻ

Share Now

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികൾ കേന്ദ്രസ‍ർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വെർച്വലായി നടക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാ‍ർത്ഥി പാ‍ർലിമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ബില്യൻ യു.എസ് ഡോളറിന്റെ വികസന പ്രവ‍‌ർത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിക്കൊണ്ടിരുന്നത്. പശ്ചാത്തല വികസനത്തോടോപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വള‍ർത്തുക, വ്യാപാരം വ‍ർദ്ധിപ്പിക്കുക, മാനുഷികമായ സഹായം നൽകുക തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യ ഊന്നൽ നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുമായി 500 ഓളം പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പര ആദരവിലൂടെ മാത്രമേ ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവൂ. ലഡാക്ക് മേഖലയിലെ അസ്വാസ്ഥ്യത്തിന് ചൈന ഏകപക്ഷീയമായി തുടക്കം കുറിക്കുകയായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിരവധി വികസന പ്രവ‍ർത്തനങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. പശ്ചാത്തല വികസനം, ആശുപത്രികൾ, അണക്കെട്ടുകൾ, പാലങ്ങൾ, നൈപുണ്യ വ‍ർദ്ധന, കായികം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയുടെ പദ്ധതികൾ ഈ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. നരേന്ദ്രമോദി സ‍ർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഊന്നൽ നൽകിയിട്ടുണ്ട്. ആദരം, സംവാദം, സമാധാനം, പുരോഗതി എന്നിവയാണ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രസ‍‍ർക്കാരിന്റെ അടിസ്ഥാന നയങ്ങളെന്നും വി.മുരളീധരൻ പറഞ്ഞു. അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കർ ടോസം പോങ്ടെ, ജമ്മുകാശ്മീർ മുൻ ഉപമുഖ്യമന്ത്രി നിർമ്മൽ കുമാ‍ർ സിംഗ്, ലോകസഭാംഗം ഹസ്നൈൻ മസൂദി, പശ്ചിമബംഗാൾ എം.എൽ.എ അനൂപ് കുമാർ സാഹ, ആം ആദ്മി പാ‍ർട്ടി എം.എൽ.എ അഖിലേഷ് ത്രിപാഠി, ഭാരതീയ ഛാത്ര സംസദ് സ്ഥാപകൻ രാഹുൽ.വി.കരാട് എന്നിവരും സംസാരിച്ചു.
കേന്ദ്രയുവജന മന്ത്രാലയം , അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് എന്നിവയുടെ സഹകരണത്തോടെ എം.ഐ.ടി സ്കൂൾ ഓഫ് ഗവണ്മെന്റ് ആണ് വിദ്യാർഥി പാ‍ർലമെന്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീനിൽ
Next post ചിറ്റാറിൻ തീരത്തു നദി പൂജയും പ്രകൃതി ജലാശയ സംരക്ഷണ പ്രതിജ്ഞയും