Breaking News

കോവിഡ് ക്വാറന്റയീനിലുള്ള ജീവനക്കാർക്ക് ഡ്യൂട്ടിക്ക് എത്താൻ നിർദ്ദേശം: നെയ്യാറ്റിൻകരയിൽ ജീവനക്കാർ എ.ടി.ഒ ഓഫീസ് ഉപരോധിച്ചു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കോവിഡ് ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ഉടനടി ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വിചിത്ര നിർദ്ദേശം. നിർദ്ദേശത്തെ തുടർന്ന് സർക്കാർ ഉത്തരവ് പാലിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിപ്പോയിൽ എ.ടി.ഒ ഓഫീസ് ഉപരോധിച്ചു.

കോവിഡ് ക്വാറന്റീനിലുള്ള ജീവനക്കാർക്ക് അർഹത പ്രകാരം ഉള്ള സ്പെഷ്യൽ കാഷ്യൽ ലീവും നിഷേധിക്കാനായിരുന്നു യൂണിറ്റ് ആഫീസറുടെ നിർദ്ദേശം.എ.ടി.ഒ. ചേംബറിനു മുന്നിൽ വി.അശ്വതി, എൻ.കെ.രഞ്ജിത്ത്, ജി.ജിജോ, എസ്.എസ്.സാബു, കെ.എസ്.അനിൽകുമാർ, എം.ഗോപകുമാർ, ആനന്ദദാസ് ,എസ്.സുജ, രാജശേഖരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.തുടർന്ന് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി.അഡ്‌മിനിസ്ട്രേഷൻ വിഭാഗം മേധാവിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് അർഹതപ്പെട്ട സ്പെഷ്യൽ കാഷ്യൽ ലീവുകൾ അനുവദിക്കാൻ തീരുമാനിച്ചു.ക്വാറന്റീനിലുള്ള ജീവനക്കാരെ ഒരു കാരണവശാലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്ന് എക്സി.ഡയറക്ടർ നിർദ്ദേശം നൽകി.പ്രസ്തുത നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *