Breaking News

ശശീന്ദ്രന്‍ രാജിവെക്കണമെന്ന് എന്‍.സി.പി. യുവജന വിഭാഗം

കൊല്ലം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്ന് എന്‍.സി.പി. യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്. എന്‍.വൈ.സി കൊല്ലം ജില്ലാ കമ്മിറ്റി യുവതിക്കൊപ്പമാണെന്ന് ജില്ലാ പ്രസിഡന്റ് ബിജു പറഞ്ഞു. കേസിലെ പ്രതി പദ്മാകരനും എ.കെ. ശശീന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എ.കെ. ശശീന്ദ്രന്‍ മന്ത്രി ആയിരിക്കുമ്പോള്‍ പല വനിതകളേയും നേരിട്ട് വിളിച്ച് മോശമായി പെരുമാറിയതിന്റെ നിരവധി തെളിവുകള്‍ എന്‍.വൈ.സി. സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ സംഭവം,’ ബിജു പറയുന്നു.

കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറിപിടിച്ചെന്നും വാട്‌സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന യുവതി, കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളാണ്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനോട് പറയുന്നത്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്. സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍.സി.പി. പ്രവര്‍ത്തകന്‍ രാജീവിനും എതിരെ ചൊവ്വാഴ്ചയാണ് പൊലീസ് കേസ് എടുത്തത്.

ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ശശീന്ദ്രന്‍ എത്തിയിരുന്നു. ‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *