Breaking News

മരുന്ന് നല്‍കി പറഞ്ഞയക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അനന്യയെ മര്‍ദ്ദിച്ചു; ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് അലക്‌സ്

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ ആശുപത്രിക്കാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ് അലക്‌സ്. ചികിത്സാപിഴവ് പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നെന്നാണ് അലക്‌സ് പറയുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി അനന്യ നേരത്തെ ആരോപിച്ചിരുന്നു.

‘സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ നിന്നും ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്ന് നല്‍കി പറഞ്ഞയക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ കയ്യേറ്റം നടത്തിയത്. രണ്ട് തവണ ദേഹത്ത് കൈവെച്ചുവെന്ന് പറഞ്ഞിട്ടുണ്ട്,’ അലക്‌സ് പറഞ്ഞു.

ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അനന്യ പറഞ്ഞിരുന്നതെന്നും പിതാവ് പറഞ്ഞു. നമ്മള്‍ പാവപ്പെട്ടവരാണ്, പിറകേ വരാന്‍ ആരുമില്ല എന്നു പറഞ്ഞപ്പോള്‍ ‘എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാന്‍ സാധിച്ചില്ല, ജോലി ചെയ്യാന്‍ പറ്റുന്നില്ല’ എന്നൊക്കെ അനന്യ പറഞ്ഞതായും അലക്‌സ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അനന്യയെ ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരുമണ്‍ സ്വദേശിയാണ് മരിച്ച അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നെന്നും അനന്യ ആരോപിച്ചിരുന്നു. ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.

സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍.ജെയാണ് അനന്യ. കേരള നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായിരുന്നു ഇവര്‍. മലപ്പുറം വേങ്ങര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് അനന്യ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *