Breaking News

‘ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് ആവശ്യപ്പെട്ടത്’; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക

അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക പറയുന്നു.

”ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍” എന്ന് സാഗരിക സുമന്‍ ആരോപിച്ചു. നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മ്മാണവും അനധികൃത ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര.

ഫെബ്രുവരി 6ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്. യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്.

ഇയാള്‍ ഗെഹാന വസിത്തില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ ‘ഹോട്ട്ഷോട്ട്‌സ്’ എന്ന അപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഭിനയിക്കാന്‍ അവസരം തേടിയെത്തുന്നവരെ അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *