Breaking News

ഇസ്രായേൽ കമ്പനി എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രഹസ്യ വിവരങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ക്ക് ചോര്‍ത്തിയതായി മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇസ്രായേൽ ആസ്ഥാനമായ സ്ഥാപനം വിവിധ സര്‍ക്കാരുകള്‍ക്ക് വിറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ ടല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിരു എന്ന കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മൈക്രോസോഫ്റ്റാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. കാന്‍ഡിരുവിന്റെ സ്‌പൈവെയര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ചിട്ടുള്ള 750 ലധികം സൈറ്റുകള്‍ തിരിച്ചറിഞ്ഞതായും മൈക്രോ സോഫ്റ്റ് അറിയിച്ചു. ഇന്റര്‍നെറ്റ് സ്‌കാനിംഗ് ഉപയോഗിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, മാധ്യമ കമ്പനികള്‍ എന്നിവയുടെ പേരിലുള്ള അഭിഭാഷക സംഘടനകളുടെ നിരവധി ഡൊമെയ്നുകള്‍ തങ്ങള്‍ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് പറഞ്ഞു. ഐഫോണുകള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ തുടങ്ങിയവരില്‍ നിന്ന് കാന്‍ഡിരുവിന് വിവരങ്ങല്‍ ശേഖരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ‘സോളര്‍ വിന്റ്’ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ഹാക്കര്‍മാരാണെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കമ്പനി രംഗത്തെത്തുന്നത്.

ഫയലുകളുടെ കൈമാറ്റ സേവനമായ സോളര്‍ വിന്‍ന്റ് സെര്‍വ്-യു എ.ഫ്.ടി.പി. സോഫ്റ്റവെയറിനെ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജന്‍സ് സെന്റര്‍ (എം.എസ്.ടി.സി.) ടീം ആണ് ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് കണ്ടെത്തിയത്. ഡെവ് 0322 എന്ന പേരിലുള്ള ഹാക്കറാണ് ഇതിന് പിന്നിലെന്നും കണ്ടെത്താനായി. ആക്രമണം നടത്താനായി ഐ.ടി. മാനേജുമെന്റ് കമ്പനിയായ സോളര്‍ വിന്‍ഡ്‌സ് വില്‍ക്കുന്ന ഒറിയോണിന്റെ സോഫ്റ്റവെയറില്‍ ഹാക്കര്‍മാര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു. അമേരിക്കയിലെ 250 ഫെഡറല്‍ ഏജന്‍സികളെയും മുന്‍നിര സംരംഭങ്ങളെയും ഹാക്കര്‍മാര്‍ ആക്രമിച്ച് ഡേറ്റ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *