Breaking News

‘സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്നു ഗവർണർ നിർദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. നമ്മുടെ സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *