Breaking News

ഐഷ സുല്‍ത്താനയെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ദ്വീപില്‍ തുടരണോയെന്ന് വ്യാഴാഴ്ച പറയും

കവരത്തി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സംവിധായിക ഐഷ സുല്‍ത്താനയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ട് മണിക്കൂറോളമാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്തത്. ദ്വീപില്‍ തുടരണമോയെന്ന് വ്യാഴാഴ്ച രാവിലെ പറയാമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും പൊലീസ് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനിടെ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി താക്കീത് ചെയ്തിരുന്നു. ഐഷ സുല്‍ത്താന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള അനുമതി മാത്രമാണ് ഐഷയ്ക്ക് നല്‍കിയതെന്നാണ് കളക്ടര്‍ പറഞ്ഞത്. ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തെന്നും കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം ഐഷയെത്തി. ദ്വീപിലെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി പറഞ്ഞിരുന്നു.

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐഷ ദ്വീപിലെത്തിയത്. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ടി.വി. ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് നേരത്തെ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *