Breaking News

എല്ലാം സ്വകാര്യ ആശുപത്രിയുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കരുത്; മുറിവാടക തീരുമാനിക്കാൻ അനുവദിക്കരുത്, സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കോവിഡ് ചികിത്സ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

മുറികളിലെ കോവിഡ് ചികിത്സാ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഭേദഗതിയാണ് ഹൈക്കോടതി തടഞ്ഞത്.

സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് തടഞ്ഞതായി അറിയിച്ചത്.

സർക്കാർ ഉത്തരവ് കോടതിയെ മറികടന്നുള്ള നടപടിയാണെന്ന് കുറ്റപ്പെടുത്തി. കോവിഡ് ചികിത്സാ നിരക്കുകൾ ഏകീകരിച്ച ഹൈക്കോടതി ഉത്തരവിനെ അട്ടിമറിക്കുന്നതാണ് നടപടിയെന്നാണ് വിമർശനം.

ആശുപത്രികൾക്ക് ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് ചികിത്സയിൽ മുറിവാടകനിരക്ക് ആശുപത്രികൾക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്.

വാർഡിലും ഐ.സി.യു.വിലും ചികിത്സയിൽ കഴിയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങളിൽ നിന്നുമാത്രം സർക്കാർ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് പ്രകാരം വാർഡ്, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങളിൽ നേരത്തെ നിശ്ചയിച്ച നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ജനറൽ വാർഡുകളിൽ പരമാവധി 2,910 രൂപയും ഹൈഡിപൻഡൻസി യൂണിറ്റിൽ 4,175 രൂപയും ഐസിയുവിൽ 8580 രൂപയും വെന്റിലേറ്റർ ഐസിയുവിൽ 15,180 രൂപയുമാണ് പ്രതിദിന നിരക്ക്.

എന്നാൽ പുതിയ ഉത്തരവ് വഴി രോഗികളിൽ നിന്നും ആശുപത്രികളുടെ താത്പര്യപ്രകാരം മുറിവാടക ഈടാക്കാൻ പുതിയ ഉത്തരവ് വഴിവെക്കും എന്ന് കണ്ടെത്തലിനെ തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *