Breaking News

ഇങ്ങനെയൊരാളെ ഇനി വേണ്ടെന്ന് അവളോട് പറഞ്ഞതാ, തൂങ്ങിമരിച്ചതിന്‍റെ ഒരു ലക്ഷണവുമില്ല; വിസ്മയയുടേത് കൊലപാതകം തന്നെയെന്ന് അച്ഛന്‍

കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. അവള്‍ ആത്മഹത്യ ചെയ്യില്ല. കൊന്നുകളഞ്ഞതാണെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോൺ തല്ലിപ്പൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചതായി വിസ്മയുടെ അച്ഛന്‍ പറ​ഞ്ഞു. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്.തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ടെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

അച്ഛന്‍ പറഞ്ഞത്..

“ജനുവരിയിലാണ് വണ്ടിയെ ചൊല്ലിയുള്ള പ്രശ്നമുണ്ടായത്. കിരണ്‍ മദ്യപിച്ച് മകളുമായി വീട്ടിലേക്കുവന്നു. ഗേറ്റിന് മുന്‍പില്‍ വണ്ടി നിര്‍ത്തിയിട്ട് തുറക്കാന്‍ പറഞ്ഞു. രാത്രി ഒരു മണിക്കായിരുന്നു ഇത്. ഗേറ്റ് തുറന്നപ്പോള്‍ അവന്‍ എന്‍റെ മോളെ പിടിച്ചടിച്ചു. എന്‍റെ മോന്‍ ചെന്ന് അവനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ മോനെയും ആക്രമിച്ചു. ഉടനെ എസ്ഐയെ വിളിച്ചു. എസ്ഐയുമായും അവന്‍ പിടിവലി നടത്തി. എസ്ഐക്കും പരിക്കേറ്റു. അവനെ വിലങ്ങുവെച്ചു. സാര്‍ അവനെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ മദ്യപിച്ചെന്ന് തെളിഞ്ഞു. പിന്നീട് എങ്ങനെയെങ്കിലും മാപ്പ് കൊടുക്കണമെന്ന് പറഞ്ഞ് കാല് പിടിച്ചു. ഇനി അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ടുതന്നു. അതിനുശേഷം മോളെ ഞാന്‍ എന്‍റെ വീട്ടില്‍ത്തന്നെ നിര്‍ത്തി.

മോള്‍ക്ക് പരീക്ഷ തുടങ്ങിയപ്പോള്‍ അവന്‍ കോളജില്‍ ചെന്നു. പരീക്ഷ കഴിഞ്ഞ് അന്ന് വൈകുന്നേരം മോള്‍ അമ്മയെ വിളിച്ച് അമ്മേ ഞാന്‍ കിരണിന്‍റെ വീട്ടില്‍ പോയെന്ന് അവള്‍ പറഞ്ഞു. ആലോചിച്ചാണോ ചെയ്തെ എന്ന് അമ്മ അവളോട് ചോദിച്ചു. വസ്ത്രമോ ബുക്കോ ഒന്നും എടുക്കാതെ പെട്ടെന്നാ പോയത്. പറ്റുന്നില്ലെങ്കി തിരിച്ചുവരാം എന്ന് അവള്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ല. പറയാതെ പോയതുകൊണ്ട് എന്നെ വിളിക്കാറുമില്ല. അമ്മയെ മാത്രം അവന്‍ ഡ്യൂട്ടിക്ക് പോകുമ്പോ വിളിക്കും. മോളെ പിന്നെ മര്‍ദിച്ചതൊന്നും അറിഞ്ഞില്ല. അന്ന് പോയതില്‍ പിന്നെ എന്‍റെ കുട്ടിയെ കാണാന്‍ പോലും പറ്റിയില്ല.

ഞാന്‍ പ്രവാസിയായിരുന്നു. 26 കൊല്ലം ഗള്‍ഫില്‍ കിടന്ന് അധ്വാനിക്കുകയായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാ ആഗ്രഹിച്ചത്. എനിക്ക് പറ്റിയത് അവര്‍ക്ക് പറ്റരുത് എന്ന് കരുതി നല്ല വിദ്യാഭ്യാസം കൊടുത്തു.

ഈ 25ന് കരയോഗം താലൂക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. എന്തുചെയ്യണമെന്ന് മകള്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയൊരാളെ വേണ്ട, അച്ഛനുണ്ടല്ലോ കുഴപ്പമൊന്നുമില്ല, പിന്നെ ചേട്ടന്‍ നോക്കും, നമുക്ക് വേറെ കല്യാണം നടത്താം എന്നെല്ലാം പറഞ്ഞതാണ്. ശരി അച്ഛാ എന്ന് മകള്‍ പറയുകയും ചെയ്തതാ. കൊലപാതകമാണ് നടന്നതെന്ന് എനിക്ക് ഉറപ്പാണ്. തൂങ്ങിമരിച്ചതിന്‍റെ ഒരു ലക്ഷണവുമില്ല. എന്‍റെ മകളെ കൊന്നതാണ്.

എനിക്ക് നീതി കിട്ടണം. നീതി കിട്ടുമെന്ന വിശ്വാസമുണ്ട്. എന്‍റെ പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. എന്‍റെ സര്‍ക്കാരാണ്. അന്വേഷണ ഉദ്യോഗസ്ഥരും നല്ല സഹകരണമാണ്. അന്വേഷണത്തില്‍ ഇതുവരെ പാളിച്ചയില്ല”.

Leave a Reply

Your email address will not be published. Required fields are marked *