Breaking News

ഡി സി സികളിൽ സമ്പൂർണ അഴിച്ചുപണി; ജില്ലാ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളോട് കിടപിടക്കാൻ കഴിയുന്നവർ വേണമെന്ന് കെ.സുധാകരൻ

കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെഡി സി സിയിലും പുന:സംഘടന. നിലവിൽ എല്ലാ ജില്ലകളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഡി സി സി അദ്ധ്യക്ഷ പദവി പങ്കിട്ടിരിക്കുന്നത്. എന്നാൽ ഗ്രൂപ്പിന് പകരം പ്രവർത്തന മികവായിരിക്കും പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തുമ്പോൾ പ്രധാന മാനദണ്ഡമായി പരിഗണിക്കുക.

സംസ്ഥാനത്തെ നിലവിൽ ഒമ്പത് ഡി സി സി കൾ ഐ ഗ്രൂപ്പിനും അഞ്ച് ഡി.സി.സികൾ എ ഗ്രൂപ്പിനുമാണ്. ജില്ലാ അടിസ്ഥാനത്തിൽ സി പി എം നേതാക്കളോട് കിടപിടക്കാൻ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ.സുധാകരൻറെ നിർദേശം. സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻഗണന നൽകണമെന്ന നിർദേശം ഹൈക്കമാൻഡും മുന്നോട്ടുവച്ചിട്ടുണ്ട്.

ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശക്തരായ വനിതകളും എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന വിമർശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തിൽ സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്ന തരത്തിലാണ് നിലവിലെ ചർച്ചകൾ. മൂന്ന് വനിതകൾ വരെ ഇക്കുറി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അണിയറ സംസാരമുണ്ട്. നിലവിൽ കൊല്ലം ജില്ലയിൽ മാത്രമാണ് കോൺഗ്രസിനെ വനിത നയിക്കുന്നത്. കൊല്ലത്ത് ബിന്ദുകൃഷ്‌ണ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരാനാണ് നേതൃത്വത്തിന് താത്പര്യംതിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക.

ജില്ലാ തലത്തിൽ അറിയപ്പെടുന്ന, എല്ലാ മണ്ഡലങ്ങളിലും പേരിനെങ്കിലും സ്വാധീനമുളള നേതാക്കൾക്ക് മുൻഗണന നൽകും.മാദ്ധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുളളവരുമായ നേതാക്കളേയും പരിഗണിക്കും. ജനപ്രതിനിധികളേയും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് നേതാക്കൾ പറയുന്നത്. യുവാക്കൾക്ക് പ്രാധാന്യമുളള പട്ടികയായിരിക്കും അവസാനനിമിഷം പുറത്തുവരിക.

ജനപ്രതിനിധികൾ സംഘടന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതില്ല എന്ന നിർദേശം അട്ടിമറിച്ചാണ് കെ പി സി സി അദ്ധ്യക്ഷനേയും വർക്കിംഗ് പ്രസിഡന്‍റുമാരേയും നിയോഗിച്ചത്. ഇതോടെ ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം പിമാരും എം എൽ എമാരും എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.അദ്ധ്യക്ഷ പദവികളിൽ തങ്ങളുടെ ചേരികളിലുളളവർക്ക് സ്ഥാനം നൽകാൻ എ, ഐ ഗ്രൂപ്പുകൾ അവസനാനിമിഷം വരെ കടുംപിടിത്തം പിടിച്ചേക്കാനാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *